• 2016-17 സാമ്പത്തികവര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലൂടെയുള്ള സൗജന്യ മരുന്നു വിതരണത്തിനായി ബഡ്ജറ്റ് വിഹിതമായി 319 കോടി രൂപ അനുവദിച്ചതില്‍, മരുന്നുകളും അനുബന്ധ സാമഗ്രികളും ഉള്‍പ്പെട്ട 585 ഇനം അവശ്യമരുന്നുപട്ടികയില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചതില്‍ വിതരണക്കാരെ ലഭിക്കാത്ത 59 ഇനം മരുന്നുകള്‍ ഒഴികെയുള്ള എല്ലാ മരുന്നുകളും സര്‍ക്കാര്‍ ആശുപത്രികളിലൂടെ നല്‍കുന്നതിനുള്ള നടപടി സമയബന്ധിതമായി സ്വീകരിച്ചു.
 • വിതരണക്കാരെ ലഭിക്കാത്ത മരുന്നുകളില്‍ വളരെ പ്രാധാന്യമുള്ള 9 ഇനം മരുന്നുകള്‍ കേരള മെഡിക്കല്‍ സര്‍വ്വീസ്സസ് കോര്‍പ്പറേഷന്റെ ഭാഗമായ കാരുണ്യാ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ മുഖേന യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
 • ഗുണനിലവാരമുള്ള മരുന്നുകള്‍ ആവശ്യമായ അളവില്‍ യഥാസമയം ലഭ്യമാക്കി മെച്ചപ്പെട്ട സേവനം ലഭ്യമാക്കിയതിലൂടെ സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. തന്മൂലം 2016-17 സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍ മരുന്നുകളുടെ ദൗര്‍ലഭ്യം ഉണ്ടാകാനുള്ള സാദ്ധ്യത മുന്‍കൂട്ടി കണ്ട് കോര്‍പ്പറേഷന്‍ മുന്‍കൈ എടുത്ത് അധികമായി അളവില്‍ ആവശ്യമായി വരാവുന്ന 170 മരുന്നുകള്‍ തെരഞ്ഞെടുത്ത് അവയ്ക്ക് ടെണ്ടര്‍ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് തന്നെ അധികമായി സംഭരിച്ച് ദൗര്‍ലഭ്യം ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു.
 • കൂടാതെ പാമ്പ് വിഷ പ്രതിരോധ മരുന്ന് (Anti-snake Venom), പേവിഷ പ്രതിരോധ വാക്‌സിന്‍ (Anti-rabies Vaccine), മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ (Psychotropic drugs) ഇക്വിന്‍ ആന്റി റാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ (Anti Rabies Immunoglobulin), ആന്റി ബയോട്ടിക്കുകള്‍ തുടങ്ങിയവ ഒരുതരത്തിലും ദൗര്‍ലഭ്യം വരാതെ ലഭ്യമാക്കുവാന്‍ സാധിച്ചു.
 • ഇതിന് പുറമെ ചുവടെ പട്ടികയില്‍ പരാമര്‍ശിക്കുന്ന സര്‍ക്കാരിന്റെ വിവിധ ആരോഗ്യ പദ്ധതികള്‍ക്കാവശ്യമായ (വിറ്റാമിന്‍ എ ഓറല്‍ സൊല്യൂഷന്‍ സിങ്ക് ടാബ്ലറ്റ് തുടങ്ങിയവയുടെ വിതരണം, ദേശീയ വിര നിര്‍മ്മാര്‍ജ്ജന ദിനത്തോടനുബന്ധിച്ച ആല്‍ബന്‍ഡാസോള്‍ ടാബ്ലറ്റ് വിതരണം തുടങ്ങിയവ) മരുന്നുകളും കേരള മെഡിക്കല്‍ സര്‍വ്വീസ്സസ് കോര്‍പ്പറേഷനിലൂടെ സമയബന്ധിതമായി സംഭരിച്ച് വിതരണം നടത്തിവരുന്നു.
 • 2017-18 സാമ്പത്തികവര്‍ഷത്തെ അവശ്യമരുന്നുപട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിലേയും ആരോഗ്യവിദ്യാഭ്യാസ വകുപ്പിലേയും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട കമ്മിറ്റി നിലവിലുള്ള 585 ഇനം മരുന്നുകളുടെ പട്ടികയില്‍ നിന്നുള്ള ഓരോ ഇനവും സൂക്ഷ്മ പരിശോധന നടത്തി വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ച് 30 ഇനം മരുന്നുകള്‍ നീക്കം ചെയ്യുകയും പുതിയതായി 35 ഇനം മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് അവശ്യമരുന്നുപട്ടിക 590 ആയി പരിഷ്‌ക്കരിക്കുയും ചെയ്തു.
 • പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെട്ട അവശ്യമരുന്നുകളുടെ ലഭ്യത 2017 ഏപ്രില്‍ 1 ന് മുമ്പായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഉറപ്പാക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമായി 2016 ഒക്‌ടോബര്‍ മൂന്നിന് തന്നെ ആരോഗ്യവകുപ്പില്‍ നിന്നും ആരോഗ്യ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും വാര്‍ഷിക ഇന്‍ഡന്റുകള്‍ ശേഖരിച്ച് സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 2016 നവംബര്‍ 18 തന്നെ ദര്‍ഘാസുകള്‍ ക്ഷണിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി വിതരണ ഉത്തരവുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി ചെയ്തുവരുന്നു.
 • ഹീമോഫീലിയ രോഗത്തിനുള്ള മരുന്നുകള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന്റെ ഭാഗമായി 2017 ജനുവരി മാസം 18 ന് ദര്‍ഘാസ് ക്ഷണിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.
 • കേരളത്തില്‍ വ്യക്ക സംബന്ധമായ രോഗമുള്ളവര്‍ ഡയലിസിസ് ചെയ്യുന്നതിന് വേണ്ടി മാത്രം ചിലവാക്കേണ്ടിവരുന്ന തുക ഭീമമാണ്. കൂടാതെ വിവിധ ഡയലിസിസ് സെന്ററുകള്‍ പാവപ്പെട്ട രോഗികളെ നന്നായി ചൂഷണം ചെയ്യുന്നതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിന്റെ ഫലമായ് മെയിന്റനന്‍സ് ഡയലിസിസ് കുറഞ്ഞ ചിലവില്‍ നടത്തിക്കൊടുക്കുവാന്‍ വേണ്ടി സംസ്ഥാനത്തെ 44 സര്‍ക്കാര്‍ ആശുപത്രികളില്‍ (DH,GH,THQH തലത്തില്‍) ഡയലിസിസ് സേവനം ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.  KIIFB മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി 44 ആശുപത്രികളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും കൂടാതെ ഡയലിസിസ് സെന്ററിനു വേണ്ട എല്ലാ ആധുനിക ഉപകരണങ്ങളും സജ്ജീകരിച്ച് സ്ഥാപിക്കുവാന്‍ KMSCL—-നെ ചുമതലപ്പെടുത്തിയിരുന്നു.  അടിസ്ഥാന സൗകര്യ വികസനത്തിന് KHRWS-നെ ചുമതലപ്പെടുത്തുകയും ഡയാലിസിസ് മെഷീനും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്കുമുള്ള ദര്‍ഘാസ് നടപടികള്‍ KMSCL  മുഖാന്തിരം അന്തിമഘട്ടത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു.
 • സംസ്ഥാനത്ത് ഹ്യദയസംബന്ധമായ രോഗമുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതും ക്യത്യമായ ചികിത്സ ലഭ്യമല്ലാത്തതുകൊണ്ട് രോഗികളുടെ വിലയേറിയ ജീവന്‍ നഷ്ടമാകുന്നതും ഈ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യവകുപ്പിനു കീഴിലുള്ള തിരഞ്ഞെടുത്ത 8 സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള 2 മെഡിക്കല്‍ കോളേജുകളിലും(Govt.Medical College Parippally, Govt Medical College, Kalamasserry) കാത്ത്‌ലാബും കാര്‍ഡിയാക് കെയര്‍ യൂണീറ്റ് സൗകര്യവും ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.  KIIFB മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി ഈ 10 ആശുപത്രികളിലും ആവശ്യമായ കാത്ത്‌ലാബും കാര്‍ഡിയാക് കെയര്‍ യൂണീറ്റും സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ KMSCLþനെ ചുമതലപ്പെടുത്തിയിരിക്കുന്നു.  ഈ പദ്ധതിയിലേയ്ക്ക് വേണ്ട കാത്ത്‌ലാബും മറ്റ് അനുബന്ധ ഉപകരണങ്ങളുടേയും ദര്‍ഘാസുകള്‍ അന്തിമഘട്ടത്തിലാണ്.  കാര്‍ഡിയാക് കെയര്‍ യൂണീറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തൂവാന്‍ KHRWS-ന്റെ മേല്‍നോട്ടത്തിനു നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്.
 • സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ മുഖാന്തിരമുള്ള മരണങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ അപകടങ്ങളില്‍പ്പെടുന്നവരുടെ മരണ നിരക്ക് കുറയ്ക്കുന്നതിനായി അതിവേഗ രോഗ നിര്‍ണ്ണയത്തിനും തീവ്ര പരിചരണത്തിനുമുള്ള ഉപകരണങ്ങള്‍ വിവിധ ആശുപത്രികളില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ട്രോമ കെയര്‍ പദ്ധതിക്ക് രൂപം നല്‍കുകയുണ്ടായി. ഈ പദ്ധതിയുടെ ഭാഗമായി സി.റ്റി. സ്‌കാനറുകള്‍ ജില്ലാ ആശുപത്രി ആലപ്പുഴ , താലുക്കാശുപത്രി കായംകുളം, ജില്ലാ ആശുപത്രി ആലുവ എന്നീ ആശുപത്രികളില്‍ സ്ഥാപിക്കുന്നതിന്റെ നടപടികള്‍ കെ.എം.എസ്.എല്‍ മുഖാന്തിരം പുരോഗമിക്കുകയാണ്.
 • വര്‍ദ്ധിച്ചു വരുന്ന കാന്‍സര്‍ രോഗികളുടെ എണ്ണവും കാന്‍സര്‍ ചികിത്സക്ക് വേണ്ടി വരുന്ന ഭീമമായ ചികിത്സ ചിലവുകളും പാവപ്പെട്ട രോഗികള്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. ഈ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ ചിലവ് കുറയ്ക്കുന്നതിനുവേണ്ടി സ്വീകരിക്കുന്ന വിവിധ നടപടികളില്‍ ഒന്നാണ് സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജില്‍ (തൃശ്ശുര്‍, തിരുവന്തപുരം, കോട്ടയം) ആധുനിക റേഡിയേഷന്‍ ട്രീറ്റ്‌മെന്റ് ഉപകരണമായ LINAC സ്ഥാപിക്കുക എന്നത്. ഇതിന്റെ ദര്‍ഘാസ് നടപടികള്‍ കെ.എം.എസ്.എല്‍ പൂര്‍ത്തീകരിച്ചു വരികയാണ്.
 • സംസ്ഥാനത്തെ ആരോഗ്യ വകുപ്പിനു കീഴിലുള്ള വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി പാവപ്പെട്ട രോഗികള്‍ക്ക് കുടുതല്‍ നൂതനമായ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഈ സര്‍ക്കാര്‍ Strengthening of  Institutions  എന്ന പദ്ധതി മുഖാന്തിരം 2375 ലക്ഷം രുപ അനുവദിച്ചിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളും രോഗ നിര്‍ണ്ണയ ഉപകരണങ്ങളും  രോഗീ പരിചരണ ഉപകരണങ്ങളും അടക്കം 103 തരം ഉപകരണങ്ങള്‍ വാങ്ങി സ്ഥാപിക്കുവാന്‍ കെ.എം.എസ്.എല്‍ നെ ചുമതലപ്പെടുത്തിയിരിക്കുന്നു. 2017 ഡിസംബറോട് കൂടി ഈ ഉപകരണങ്ങള്‍ മുഴുവന്‍ സ്ഥാപിക്കുന്നതാണ്.
 • തിരുവനന്തപുരം ജനറല്‍ ആശുപത്രി, ചേര്‍ത്തല താലൂക്കാശുപത്രി, പേരാമ്പ്ര താലൂക്കാശുപത്രി, കൂത്തുപറമ്പ് താലൂക്കാശുപത്രി എന്നീ ആശുപത്രികളില്‍ പുതിയതായി കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ ആരംഭിച്ചു.
 • കുഞ്ഞുങ്ങള്‍ക്കുള്ള പ്രതിരോധകുത്തിവയ്പ്പിന്റെ ബോധവല്‍ക്കരണ ത്തിനായി പൊതുജനങ്ങള്‍ക്ക് കൈകാര്യം ചെയ്യാവുന്ന തരത്തില്‍ ‘IMMUNISATION KERALA’ എന്ന  MOBILE APPLICATION ആരംഭിച്ചു.

അടുത്ത ഒരു വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍

 • സ്‌പെഷ്യാലിറ്റി/ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മരുന്നുകളുടെ സൗജന്യ വിതരണം

സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്ന രോഗികള്‍ക്ക് സൗജന്യമായി നല്‍കിവരുന്ന 590 ഇനം ജനറിക് മരുന്നുകള്‍ക്ക് പുറമെ ചില പ്രത്യേക സാഹചര്യങ്ങളില്‍ രോഗചികിത്സയ്ക്ക് ആവശ്യമായതും എന്നാല്‍ 590 ഇനം ജനറിക് മരുന്നുകളില്‍ ലഭ്യമല്ലാത്തതുമായ മരുന്നുകള്‍ പ്രിസ്‌ക്രിപ്ഷനിലൂടെ പുറത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്ന വിലയ്ക്ക് രോഗികള്‍ക്ക് വാങ്ങേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. രോഗികള്‍ വഹിക്കേണ്ടതായ ചികിത്സാ ചെലവ് പരമാവധി കുറയ്ക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ കാല്‍വയ്പ്പ് എന്ന നിലയ്ക്ക് രോഗചികിത്സയ്ക്ക് ആവശ്യമായ സ്‌പെഷ്യാലിറ്റി/ സൂപ്പര്‍ സ്‌പെഷ്യാലിറ്റി എന്നീ വിഭാഗങ്ങളിലെ ചികിത്സയ്ക്കാവശ്യമായ അത്യന്താപേക്ഷിതമായ മരുന്നുകള്‍ ആദ്യപടിയായി മെഡിക്കല്‍ കോളേജുകളില്‍ സൗജന്യമായി നല്‍കുക എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്നുള്ള നടപടികള്‍ കോര്‍പ്പറേഷന്‍ സ്വീകരിച്ചുവരുന്നു.

 • വെയര്‍ഹൗസ് /കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭരണകാലത്ത് ശാസ്ത്രീയമായി മരുന്ന് സംഭരിച്ച് വിതരണം ചെയ്യുവാന്‍ വേണ്ടി  ലോകോത്തര നിലവാരമുളള ശാസ്ത്രീയ മരുന്ന് സംഭരണശാലകള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലായി നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലവും ഫണ്ടും കെ.എം.എസ്.സി. എല്ലിനു കൈമാറിയിട്ടുണ്ട്.

ഇതിന്‍പ്രകാരം ഇത്തരത്തിലുളള മരുന്ന് സംഭരണശാലകള്‍ കോട്ടയത്തും ആലപ്പുഴയിലും നിര്‍മ്മിക്കാനുളള ചുമതല ബി.എസ്.എന്‍.എല്ലിനെ എല്‍പ്പിക്കുകയും വിശദമായ എസ്റ്റിമേറ്റ് പൂര്‍ത്തിയാക്കി സംഭരണശാല ഒരു വര്‍ഷത്തിനുളളില്‍ പ്രവര്‍ത്തനയോഗ്യമാക്കാനാണ് പദ്ധതി.

 • കാരുണ്യ മെഡിസിന്‍ ഡിപ്പോ നിര്‍മ്മാണം തിരുവനന്തപുരം, തൃശ്ശൂര്‍

കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ക്കുളള മരുന്നുകള്‍ സംഭരിക്കാന്‍ കാരുണ്യ ഡിപ്പോകള്‍ തിരുവനന്തപുരത്തു തൈയ്ക്കാടും തൃശ്ശൂര്‍ ഗവ.ആശുപത്രി കോമ്പൗണ്ടിലും തുടങ്ങാന്‍ പദ്ധതിയുണ്ട്. ഇതിനുളള ഇ-ടെന്‍ഡര്‍ വിളിക്കാനുളള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു വരുന്നു.  ഇതില്‍ തൃശ്ശൂര്‍ ഗവ.ആശുപത്രി കോമ്പൗണ്ടിലെ പുതിയതായി നിര്‍മ്മിക്കാന്‍ പോകുന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയുടെയും ഡിപ്പോയുടെയും പണികള്‍ നാലു മാസങ്ങള്‍ക്കുളളില്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും.  എന്നാല്‍ തിരുവനന്തപുരത്തു തൈയ്ക്കാട് ആശുപത്രി കോമ്പൗണ്ടില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കാരുണ്യ ഡിപ്പോയുടെ നിര്‍മ്മാണം ഒരു വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനയോഗ്യമാക്കാന്‍ കഴിയും.

 • പതിനൊന്ന് (11) കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളുടെ നിര്‍മ്മാണം

തളിപ്പറമ്പ്, മണ്ണാര്‍ക്കാട്, പാനൂര്‍, കല്‍പ്പറ്റ, തൃശ്ശൂര്‍, വൈക്കം, ഹരിപ്പാട്, പാരിപ്പള്ളി, പത്തനംതിട്ട, നെടുങ്ങോലം, തൈയ്ക്കാട് എന്നിവിങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കാരുണ്യ കമ്മ്യൂണിറ്റ ഫാര്‍മസി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

 • 25 ഡയാലിസിസ് സെന്ററുകള്‍/ 5 കാത്ത്‌ലാബ് സി.സി.യു എന്നിവ ആരംഭിക്കുക

ഗകകഎആ പദ്ധതികളുടെ ഭാഗമായി 25 ഡയാലിസിസ് സെന്ററുകള്‍ 2017 വര്‍ഷം തന്നെ പൂര്‍ത്തീകരിക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഈ വര്‍ഷം തന്നെ 5 കാത്ത്‌ലാബും സിസിയുവും  സംസ്ഥാനത്ത് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

 • 3 സി.റ്റി. സ്‌കാനര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍

ട്രോമാകെയര്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രി ആലപ്പുഴ, താലുക്കാശുപത്രി കായംകുളം, ജില്ലാ ആശുപത്രി ആലുവ എന്നിവിടങ്ങളില്‍ സി റ്റി സ്‌കാനുകള്‍ സ്ഥാപിക്കുന്നതാണ്.

 

 

 

 

 • ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മെഷീന്‍ വാങ്ങുന്നതിനുള്ള നടപടി

നൂതന ക്യാന്‍സര്‍ ചികിത്സയ്ക്ക് അത്യാവശ്യമായിട്ടുള്ള ഘകചഅഇ മെഷീന്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതാണ്.

 

 

 • ബയോ മെഡിക്കല്‍ എക്യൂപ്‌മെന്റ് പ്രോഗ്രാം

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിലുള്ള മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലെയും ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ ഏകജാലക സംവിധാനം വഴി അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് മുഴുവന്‍ സമയവും പ്രവര്‍ത്തന ക്ഷമമാക്കുന്ന തരത്തില്‍ ബയോമെഡിക്കല്‍ എക്യുപ്‌മെന്റ് മെയ്ന്റനന്‍സ് പ്രോഗ്രാം സംസ്ഥാനത്താകമാനം നടപ്പിലാക്കും.

 • കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളുടെ മരുന്നുകളുടെ വില ലഭ്യമാകുന്ന ആന്‍ഡ്രേയ്‌സ് മൊബൈല്‍ ആപ്പിക്കേഷന്‍

കോര്‍പ്പറേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസികളില്‍ ലഭ്യമായിട്ടുള്ള മരുന്നുകളെ സംബന്ധിച്ചുള്ള വിവരങ്ങളും അവയുടെ വിലയും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലേയ്ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്യുന്നതാണ്.

 • 108 ആംബുലന്‍സ് സംവിധാനം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന സോഫ്റ്റ്‌വെയര്‍

തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ പ്രവര്‍ത്തിപ്പിക്കുന്ന 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള സോഫ്റ്റ്‌വെയര്‍ സംവിധാനം നടപ്പിലാക്കുന്നതാണ്.

 • ജില്ലാ മരുന്നുസംഭരണശാലകളില്‍ താപനില നിരീക്ഷണ ഉപകരണം സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍

സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിലേയ്ക്കായി കോര്‍പ്പറേഷന്റെ ജില്ലാ മരുന്നു സംഭരണശാലകളില്‍ സംഭരിച്ച് സൂക്ഷിക്കുന്ന മരുന്നുകള്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി നിശ്ചിത താപനിലയില്‍ സൂക്ഷിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ടി മരുന്നുകള്‍ രോഗികളുടെ കൈകളില്‍ ലഭിക്കുമ്പോള്‍ ഉപയോഗസജ്ജമല്ലാതാകും. ആയതിനാല്‍ ജില്ലാ മരുന്നുസംഭരണ ശാലകളിലെ താപനില കേന്ദ്രീകൃതമായി നിരീക്ഷിക്കുന്നതിലേയ്ക്കായി  ഉപകരണം ഘടിപ്പിക്കുന്നതാണ്. സജ്ജീകരിച്ചിട്ടുള്ള താപനിലയില്‍ എന്തെങ്കിലും വ്യതിയാനം സംഭവിച്ചാല്‍ ടി ഉപകരണം വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എസ്.എം.എസ് മുഖാന്തിരം അറിയിപ്പ് ലഭിക്കുകയും തുടര്‍ന്ന് അനന്തരനടപടികള്‍ കൈക്കൊള്ളുന്നതിന് സാധിക്കുന്നതുമാണ്.

 • സര്‍ക്കാര്‍ ആശുപത്രിതലം വരെ മരുന്നുവിതരണം നിയന്ത്രിക്കുന്ന ഓണ്‍ലൈന്‍ സോഫ്റ്റ് വെയ്ര്‍ സംവിധാനം
 • സര്‍ക്കാര്‍ ആശുപത്രി വഴി രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ യഥാവിധി നിരീക്ഷിക്കുന്നതിലേയ്ക്കായി ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ടി സോഫ്റ്റ്‌വെയറിന്റെ സാങ്കേതികത്ത്വത്തെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചും കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ പരിശോധിച്ച് നിലവില്‍ ഉറപ്പു വരുത്തിയിരിക്കുന്നു. ടി സോഫ്റ്റ്‌വെയറിനെ ഇ-ഹെല്‍ത്തുമായി ബന്ധപ്പെടുത്തുക വഴി സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുകളുടെ ലഭ്യതയും വിതരണവും ഉറപ്പുവരുത്തുവാന്‍ സാധിക്കുന്നതുമാണ്.
 • പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, തലശ്ശേരി ജനറല്‍ ആശുപത്രി, ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പാനൂര്‍ താലൂക്ക് ആശുപത്രി, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി, നെടുങ്കോലം താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ കാരുണ്യ ഫാര്‍മസികള്‍ ആരംഭിക്കും.
 • ജനറിക് മരുന്നുകള്‍ക്ക് മാത്രമായി കാരുണ്യ ഫാര്‍മസികളില്‍ പ്രത്യേക വിഭാഗം രൂപീകരിക്കുന്നതിനുള്ള പുതിയ സംരംഭമാണ് ‘കേരള ജനറിക്‌സ്’. ജനറിക് മരുന്നുകളുടെ വില്‍പ്പനയ്ക്കായി, പേഷ്യന്റ് കൗണ്‍സിലിംഗില്‍ പ്രത്യേക പരിശീലനം സിദ്ധിച്ചതും, ജനറിക് മരുന്നുകളെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് നൈപുണ്യവുമുള്ള ഫാര്‍മസിസ്റ്റുമാരെ ഒരു ഔട്ട്‌ലെറ്റില്‍ നിയോഗിക്കുന്നതാണ്.
 • കേരളത്തിലെ ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ജീവിതശൈലീരോഗങ്ങളായ പ്രമേഹം, ഹൃദോഗം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയുടെ ചികിത്സക്കായുള്ള മരുന്നുകള്‍ക്ക് വരുന്ന ചെലവ് സാധാരണക്കാരുടെ ചികിത്സാഭാരം വര്‍ദ്ധിപ്പിക്കുന്നതിനാല്‍, ഇവയുടെ ജനറിക് മരുന്നുകള്‍ കാരുണ്യ വഴി വിതരണം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നു. ഇതിലേയ്ക്കുള്ള ആദ്യ ചുവടുവയ്പായി, 5 മെഡിക്കല്‍കോളേജുകളിലും, എറണാകുളം ജനറല്‍ ആശുപത്രിയിലും സ്ഥിതി ചെയ്യുന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളില്‍ ജനറിക് മരുന്നുകള്‍ക്കുള്ള കൗണ്ടര്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് എല്ലാ കാരുണ്യ ഫാര്‍മസികളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നതുമാണ്.
 • ഔഷധവിപണന മേഖലയിലെ, ഇടനിലക്കാരുടെ വന്‍തോതിലുള്ള ചൂഷണം ഒഴിവാക്കുന്നതിനായി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്കുപയോഗിക്കുന്ന കാര്‍ഡിയാക്ക് സ്റ്റെന്റസ്, ഓര്‍ത്തോപീഡിക് ഇംപ്ലാന്റസ് മുതാലായവ സാധരണക്കാരന് താങ്ങാവുന്ന വിലയില്‍ കാരുണ്യയിലൂടെ വിതരണം ചെയ്യുന്നതാണ്.