സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം വസ്തുതാവിരുദ്ധമായ പ്രചരണങ്ങള്‍ നടത്തിവരികയാണ്. പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസ്സിന്‍റെ രാഷ്ട്രീയ നയങ്ങളുടെ ഭാഗമായിട്ടാണ് രാജ്യത്തുടനീളം വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യസംരഭങ്ങള്‍ ഇത്രത്തോളം വിപുലമായത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പൊതു വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര ഗവണ്‍മെന്‍റ് ചെലവ് വഹിച്ചുവരുന്നത് GDPയുടെ 2%ത്തില്‍ താഴെ വരുന്ന തുകയാണ്. നവലിബറല്‍ നയങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ മേഖലയടക്കം വന്‍കിടക്കാരുടെ കച്ചവടത്തിന് വിട്ടുകൊടുത്തത്തിന്‍റെ ഉത്തരവാദിത്ത്വവും കോണ്‍ഗ്രസ്സിനുതന്നെയാണ്. പൊതു വിദ്യാഭ്യാസരംഗം തകര്‍ക്കുന്നതിന് കാരണമാകുന്ന തീരുമാനങ്ങളാണ് കേരളത്തിലും യുഡിഎഫ് ഗവണ്‍മെന്‍റുകള്‍ സ്വീകരിച്ചിരുന്നത് എന്ന് കാണാം. യാതൊരു മാനദണ്ഡവുമില്ലാതെ സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ യുഡിഎഫ് ഗവണ്‍മെന്‍റ് തയ്യാറായതിന്‍റെ പരിണിതഫലമാണ് വിദ്യാഭ്യാസ കച്ചവടത്തിന് കാരണമായത്.

ഇടതുപക്ഷ ഗവണ്‍മെന്‍റ് അധികാരത്തില്‍ വരുമ്പോള്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അവയില്‍ നിന്നും പരമാവധി ആനുകൂല്യം സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇത്തവണ സ്വാശ്രയ മെഡിക്കല്‍കോളേജുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ ഇതേവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും കൂടുതല്‍ ആനുകൂല്യം സാധാരണക്കാരായായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ  കരാറാണ്.

മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനത്തില്‍ മുന്‍വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു പുതിയ സാഹചര്യം ഉണ്ടായിരുന്നു. കേന്ദ്രഗവണ്‍മെന്‍റ് തയ്യാറാക്കുന്ന എന്‍ട്രന്‍സ് ലിസ്റ്റില്‍ നിന്ന് (National Eligibility Entrance Test -NEET) മുഴുവന്‍ സീറ്റുകളിലേക്കും അലോട്ട്മെന്‍റ് നടത്തണം എന്നതായിരുന്നു സുപ്രീംകോടതി വിധി. ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും NEET-ല്‍ നിന്നു തന്നെ അലോട്ട്മെന്‍റ് നടത്തണം എന്ന വിധി ഉണ്ടായപ്പോള്‍ കേരള ഗവണ്‍മെന്‍റ് എന്‍ട്രന്‍സ് ലിസ്റ്റില്‍ നിന്ന് (Kerala Engineering Agricultural and Medical Exam- KEAM) കേരളത്തില്‍ പ്രവേശനം നടത്താന്‍ അനുവാദം തരണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ വര്‍ഷം കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കും സ്വാശ്രയ കോളേജുകളിലെ 50% സീറ്റില്‍ കേന്ദ്ര മെറിറ്റ് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തണം. പ്രവേശന സമയത്ത് മെരിറ്റ് കൃത്യമായി പാലിക്കാന്‍ മുഴുവന്‍ സീറ്റുകളിലും സര്‍ക്കാര്‍ തന്നെ അലോട്ട്മെന്‍റ് നടത്തണമെന്ന് കേരളത്തിലെ ആരോഗ്യവകുപ്പ്  പ്രഖ്യാപിച്ചു. എന്നാല്‍ 50% മാനേജ്മെന്‍റ് സീറ്റുകളില്‍ അലോട്ട്മെന്‍റ് നടത്താനുള്ള അവകാശം അവര്‍ക്ക് തന്നെ വിട്ട് കിട്ടണമെന്ന് മാനേജ്മെന്‍റ് വാദിച്ചു. ഇതിന് വഴങ്ങാന്‍ തയ്യാറാകാതിരുന്നപ്പോള്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ നിന്ന് അവര്‍ ഇറങ്ങിപോവുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹൈക്കോടതി മാനേജ്മെന്‍റിന് അനുകൂലമായ വിധി പ്രഖ്യാപിക്കുകയും 100% സീറ്റുകളിലും അലോട്ട്മെന്‍റ് നടത്താനുള്ള അവകാശം അവര്‍ക്കുതന്നെ നല്കുകയും ചെയ്തു. ഹൈക്കോടതി വിധി ലഭ്യമായതിന് ശേഷവും സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ഗവണ്‍മെന്‍റിന് മുന്നില്‍ രണ്ട് സാധ്യതയുണ്ടായിരുന്നത് ഒന്നുകില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോവുക. അല്ലെങ്കില്‍ മാനേജ്മെന്‍റുമായി ചര്‍ച്ച നടത്തി 50% സീറ്റില്‍ സര്‍ക്കാരിന് അലോട്ട്മെന്‍റ് നടത്താനുള്ള സൗകര്യവും സര്‍ക്കാര്‍ മെരിറ്റ് സീറ്റുകള്‍ നിലനിര്‍ത്താനുള്ള     സൗകര്യവും ഉറപ്പ് വരുത്തുക. അപ്പീല്‍ പോകുന്നതുമായി സംബന്ധിച്ച് നിയമ വിദഗ്ധരുമായി ആരോഗ്യവകുപ്പ് ചര്‍ച്ച ചെയ്തു. സുപ്രീം കോടതി ഹൈക്കോടതി വിധി ശരിവയ്ക്കുകയാണോ തള്ളിക്കളയുകയാണോ ചെയ്യുക എന്നത് ഉറപ്പു പറയാന്‍ വയ്യാത്ത സാഹചര്യമായിരുന്നു. ഒപ്പം സെപ്തംബര്‍ 30-നുള്ളില്‍ അലോട്ട്മെന്‍റ് പൂര്‍ത്തിയാക്കണം എന്ന് സുപ്രീം കോടതി വിധിയും നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രവേശന നടപടികള്‍ തടസ്സുമുണ്ടാതിരിക്കുന്നതിനും മെരിറ്റ് സീറ്റ് നഷ്ടപ്പെടാതിരിക്കുന്നതിനും കര്‍ശനമായ നിബന്ധകളോടെ മാനേജ്മെന്‍റുമായി ധാരണ ഉണ്ടാക്കുന്നതാണ് നല്ലത് എന്ന് ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇതനുസരിച്ച് മാനേജുമെന്‍റുമായി നടത്തിയ ചര്‍ച്ചയില്‍ മുന്‍വര്‍ഷത്തേക്കാള്‍ കുടുതല്‍ ഫീസ് വര്‍ദ്ധനവ് വേണമെന്ന് മാനേജ്മെന്‍റ് ആവശ്യപ്പെട്ടു മാനേജുമെന്‍റിന്‍റെ മുഴുവന്‍ സീറ്റുകളിലേക്കും നീറ്റ് മെറിറ്റില്‍ നിന്ന് തന്നെ പ്രവേശനം നടത്തേണ്ടിവരുന്ന സാഹചര്യത്തില്‍ കോളേജിന്‍റെ നടത്തിപ്പിനും 50% കുട്ടികള്‍ക്ക് സബ്സിഡി നല്‍കുന്നതിനും കഴിയണമെങ്കില്‍ ഫീസ് വര്‍ദ്ധിപ്പിക്കണം എന്നാണ് അവര്‍ വാദിച്ചത്. എന്നാല്‍ വന്‍തോതിലുള്ള വര്‍ദ്ധനവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാട് സരക്കാര്‍ സ്വീകരിച്ചു. സര്‍ക്കാരിന് വിട്ടുകിട്ടുന്ന 50%-ല്‍ 20% സീറ്റില്‍ 25000/- രൂപയായിരുന്നു മുന്‍വര്‍ഷങ്ങളില്‍ ഈടാക്കിയിരുന്നത്. ഇതില്‍ 7% ബിപിഎല്‍, 13% എസ്ഇബിസി ക്കുമാണ്. ഈ വിഭാഗത്തില്‍ യാതൊരു ഫീസ് വര്‍ദ്ധനവും അനുവദിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ശേഷിച്ച 30%ല്‍ 10% വര്‍ദ്ധനവ് വരുത്തുന്ന രീതയാണ് മുന്‍കാലങ്ങളില്‍ സ്വീകരിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം ഈ വിഭാഗത്തില്‍ 1,85,000/- രൂപ ആയാണ് ഫീസ്. ഈ വിഭാഗത്തില്‍ ഫീസില്‍ സാധാരണഗതിയിലുള്ള വര്‍ദ്ധനവുണ്ടാകുമ്പോള്‍ ഈ വര്‍ഷം രണ്ട് ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ് രൂപയായി മാറും. ഇത് 2,50,000/- ആയി സര്‍ക്കാര്‍ നിജപ്പെടുത്തി. ഇടത്തരക്കാരും, ഉയര്‍ന്ന ഇടത്തരക്കാരും വരുന്ന ഈ വിഭാഗത്തില്‍ ഉണ്ടാക്കിയ ഈ വര്‍ദ്ധനവ് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം നഷ്ടമാവുകയല്ല ഉണ്ടായത്. മാനേജ്മെന്‍റിന് അനുകൂലമായ ഹൈക്കോടതി വിധി നിലനിന്നിട്ടും കൂടുതല്‍ സ്വാശ്രയകോളേജുകള്‍ 50% മെരിറ്റ് സീറ്റ് സര്‍ക്കാരിന് വിട്ടുനല്‍കുന്ന സ്ഥീതിയുണ്ടായി. ഇതുവഴി 2016-17- ല്‍ 20 കോളേജുകള്‍ സര്‍ക്കാരുമായി ഒപ്പു വെച്ചു. ആകെയുള്ള 2300 സീറ്റില്‍ 1150 സീറ്റ് സര്‍ക്കാരിന് ലഭിച്ചു. ഇതില്‍ ബിപിഎല്‍-ന് 161 സീറ്റും എസ്ഇബിസി-ക്ക് 299 സീറ്റും ലഭിച്ചു. അതായത് 25000/- രൂപക്ക് പഠിക്കാന്‍ കഴിയുന്ന 460 സീറ്റുകള്‍ ലഭ്യമായി. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്‍റിന്‍റെ കാലത്ത് ആകെ 800 സീറ്റുകളാണ് മാനേജ്മെന്‍റില്‍നിന്ന് സര്‍ക്കാരിന് വിട്ടുകിട്ടിയിരുന്നത്. 6 കോളേജുകള്‍ സര്‍ക്കാരുമായി ധാരണാപത്രം ഒപ്പു വെച്ചില്ല. ഇതില്‍ 25000/- രൂപക്ക് പഠിക്കാന്‍ കഴിയുന്ന 329 സീറ്റുകളാണ് ഉണ്ടായിരുന്നത്. അതായത് ഇത്തവണ 131 സീറ്റുകളുടെ വര്‍ദ്ധനവ് ഈ വിഭാഗത്തിലുണ്ടായി . കഴിഞ്ഞ തവണ സര്‍ക്കാരുമായി ധാരണയാകാത്ത മാനേജ്മെന്‍റുകളാകട്ടെ അവര്‍ക്ക് തോന്നിയ പോലെ ഫീസ് ഈടാക്കുകയും  (1,50,000/- ല്‍ അധികം) വന്‍ തുക തലവരിയായി (സീറ്റ് ഒന്നിന്  ഒരു കോടി വരെ) ഈടാക്കുകയും ചെയ്തതായി ആരോപണം ഉണ്ടായിരുന്നു.

ക്രിസ്ത്യന്‍ മാനേജ്മെന്‍റിന് മുന്‍ സര്‍ക്കാര്‍ ഏകീകൃത ഫീസ് നിശ്ചയിക്കുകയും മുഴുവന്‍ സീറ്റിലും 4,40,000/- രൂപ ഫീസ് ഈടാക്കുന്നതിനുള്ള അനുമതി നല്കുകയും ചെയ്തു. ആ കരാര്‍ പ്രകാരം അടുത്ത വര്‍ഷം ഇത് 4,85,000/- രൂപ ആകും.  2018 വരെയാണ് ഈ എഗ്രിമെന്‍റിന്‍റെ കാലാവധി. BPL/SEBC ക്ക് പുറമെ വരുന്ന 30% മെരിറ്റ് സീറ്റിലും ഇത്തവണ വന്‍വര്‍ദ്ധനവ് ഉണ്ടായി. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഈ സീറ്റുകള്‍ 471 ആയിരുന്നപ്പോള്‍ ഇത്തവണ അത് 690 ആയി. അതായത് ഫീസ് ഇളവില്‍ പഠിക്കാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 219- ന്‍റെ വര്‍ദ്ധനവ് ഉണ്ടായി. എല്ലാ കൂടി ചേരുമ്പോള്‍ ഫീസ് ഇളവ് കിട്ടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 800-ല്‍ നിന്ന് 1150 ആയി വര്‍ദ്ധിച്ചു. ഇത് പ്രകാരം 8,50,000/- നോ അതില്‍ ഉയര്‍ന്ന ഫീസിനോ പഠിക്കേണ്ടിയിരുന്ന 350 കുട്ടികള്‍ക്ക് ഇത്തവണ 25000/- ത്തിനോ 2,50,000/- നോ പഠിക്കാനുള്ള അവസരം കിട്ടി. മാത്രമല്ല 350 കുട്ടികള്‍ 8,50,000/-നാണ് പഠിക്കേണ്ടി വന്നിരുന്നെങ്കില്‍ ഫീസിനത്തില്‍ മാനേജ്മെന്‍റിന് 29,75,00,000/- രൂപ ലഭിക്കുമായിരുന്നു.

ഇതിനുപുറമെ കഴിഞ്ഞതവണ തലവരിയായി വാങ്ങിയതായി ആരോപിക്കപ്പെടുന്ന ഒരു കോടിരൂപ വീതം വാങ്ങി 50% മാനേജ്മെന്‍റ് സീറ്റില്‍ തോന്നിയത് പോലെ പ്രവേശനം നടത്തുകയും, ഫീസ് ഈടാക്കുകയും ചെയ്യുകയായിരുന്നു. അതായത് കോടികളുടെ കൊള്ളയായിരുന്നു നടന്നിരുന്നത്. 350 കോടി സ്വരൂപിക്കാനുള്ള അവസരവും മാനേജ്മെന്‍റിന് ലഭിക്കുമായിരുന്നു. ഈ ചൂഷണമാണ് കര്‍ശനമായ നടപടിയിലൂടെ എല്‍ഡിഎഫ് ഗവണ്‍മെന്‍റ് ഇല്ലാതാക്കിയത്. മാത്രമല്ല മെരിറ്റ് കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ ജയിംസ്  കമ്മിറ്റിക്ക് എല്ലാവിധ പിന്തുണയും ഗവണ്‍മെന്‍റ് നല്കി. യുഡിഎഫ്-ന്‍റെ  കാലത്ത് മാനേജ്മെന്‍റും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി ജയിംസ് കമ്മിറ്റി നിഷ്പ്രഭമായിരുന്നു. ഇത്തവണ ചെറിയ ആക്ഷേപങ്ങള്‍ പോലും ജയിംസ് കമ്മിറ്റിയുടെ മുന്നില്‍ എത്തുകയും ഇതില്‍ കര്‍ശനമായ പരിശോധന നടത്തിവരികയും ചെയ്യുകയാണ്. 1300-ഓളം പരാതികള്‍ ജെയിംസ് കമ്മിറ്റി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഈ പരാതികളിലൊന്ന് പോലും മാനേജ്മെന്‍റുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണാപത്രത്തിനെതിരായ പരാതി അല്ല. ആ ധാരണക്ക് അനുസൃതമായ മെരിറ്റ് മാനദണ്ഡം ചില മാനേജ്മെന്‍റുകള്‍ ലംഘിക്കുന്നു എന്ന പരാതിയാണ് . പരാതിക്കിടയായിട്ടുള്ള മാനേജ്മെന്‍റുകളോട് അവരുടെ അലോട്ട്മെന്‍റ് ലിസ്റ്റ് ഹാജരാക്കാന്‍ കമ്മിറ്റി ഉത്തരവിട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ അപേക്ഷപ്രകാരം അലോട്ട്മെന്‍റിനുള്ള അവസരവും ദീര്‍ഘിപ്പിച്ചു നല്‍കുകയുണ്ടായി. ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷകള്‍ നിരസിക്കുവാന്‍ മാനേജ്മെന്‍റ് ശ്രദ്ധിക്കുന്ന പരാതികള്‍.അപ്പപ്പോള്‍ കൃത്യമായി ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിച്ചു. അങ്ങനെ മുന്‍കാലങ്ങളില്‍ ഒന്നുമില്ലാതെ ശ്രദ്ധയോടെ മെഡിക്കല്‍ അലോട്ട്മെന്‍റ് നടത്താന്‍ ഗവണ്‍മെന്‍റ് ഇടപെടുകയായിരുന്നു.

സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിടാന്‍ തയ്യാറാകാത്ത കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ ഹൈക്കോടതിയെ സമീപിക്കുകയും അവരത് അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. കണ്ണൂര്‍ മെഡിക്കല്‍കോളേജിന് പത്ത് ലക്ഷം രൂപയും, കരുണ പാലക്കാടിന് 7,50,000/- രൂപക്കും മുഴുവന്‍ സീറ്റുകളിലും ഫീസ് ഈടാക്കുന്നതിനുള്ള അനുമതിയാണ് ലഭ്യമായത്. എന്നാല്‍ ഇതില്‍ നിയമപരമായി ഗവണ്‍മെന്‍റ് ഇടപെട്ടപ്പോള്‍ ജയിംസ് കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് കോളേജിന്‍റെ ചെലവുകള്‍ക്കനുസരിച്ചുള്ള ഫീസ് നിശ്ചയിക്കണം എന്ന പരാമര്‍ശമാണ് കോടതിയില്‍ നിന്നുണ്ടായത്. സര്‍ക്കാരുമായി ധാരണയുണ്ടാകാത്ത കോളേജുകളുടെ കാര്യത്തില്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും.

സര്‍ക്കാര്‍ മാനേജ്മെന്‍റില്‍ നിന്നും നിര്‍ബന്ധമായി വാങ്ങികൊടുത്ത മെരിറ്റ് സീറ്റില്‍ ഉള്‍പ്പെടുന്ന ഉയര്‍ന്ന ഇടത്തരം വിഭാഗത്തിനുണ്ടായ ചെറിയ ഫീസ് വര്‍ദ്ധനവിന്‍റെ പേരില്‍ ബഹളം വെക്കുന്ന പ്രതിപക്ഷം ഇത്തരം ഒരു ധാരണ ഉണ്ടാകാത്തപക്ഷം മാനേജ്മെന്‍റ്ിന് ഉണ്ടാകുമായിരുന്ന കൊള്ളലാഭം ഇല്ലാതായതിലുള്ള അസഹിഷ്ണുതയാണ് യഥാര്‍ത്ഥത്തില്‍ പ്രകടിപ്പിക്കുന്നത്. ഇത് തിരിച്ചറിയാന്‍ പൊതുസമൂഹം തയ്യാറാക്കുമെന്ന് ഗവണ്‍മെന്‍റിന് ഉറപ്പുണ്ട്. ഏകീകൃത കൗണ്‍സിലിംഗ് നടത്തുമെന്ന് ആദ്യമായി തീരുമാനിച്ചത് കേരള ഗവണ്‍മെന്‍റാണ്. ഇതിനെതിരെ മാനേജ്മെന്‍റ് ഹൈക്കോടതിയില്‍ നിന്ന് സമ്പാദിച്ച ഉത്തരവാണ് ഇപ്പോള്‍ സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയും കേരള സര്‍ക്കാരിന് അനുകൂലമായി വന്നിരിക്കുകയാണ്. ഇത് സംസ്ഥാനസര്‍ക്കാര്‍ എടുത്ത തീരുമാനം ശരിയാണെന്നതിനുള്ള അംഗീകാരമാണ്.

കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ സര്‍ക്കാരിന് ലഭിച്ച മെരിറ്റ് സീറ്റിന്‍റെ വിവരം

YEAR Number of Colleges Shared Seats Number of Seats Shared
2011 13 735
2012 15 835
2013 16 940
2014 15 975
2015 14 800
2016 20 1150