ആയുര്‍വേദ കോളേജിലെ ബാല ചികിത്സാ വിഭാഗത്തില്‍ സ്‌നേഹധാര പദ്ധതി ഉദ്ഘാടനം ചെയ്തു

രോഗനിര്‍ണയത്തിലും ചികിത്സയിലും കൂടുതല്‍ ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് ആയുര്‍വേദമേഖലയെ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ ബാല ചികിത്സാ വിഭാഗത്തില്‍ നടപ്പിലാക്കുന്ന സ്‌നേഹധാര പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളിലെ വളര്‍ച്ചാ വൈകല്യങ്ങള്‍ നേരത്തേ കണ്ടുപിടിച്ച് സൗജന്യമായി ഫലപ്രദമായ ചികിത്സ നല്‍കുന്ന പദ്ധതി വളരെയേറെ മാതാപിതാക്കള്‍ക്ക് ആശ്വാസകരമാണ്. ശാസ്ത്രീയമായ ആയുര്‍വേദ ചികിത്സയോടൊപ്പം ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, സൈക്കോതെറാപ്പി എന്നിവ സൗജന്യമായി നല്‍കുവാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെയും തെറാപ്പിസ്റ്റുകളുടെയും സേവനം പ്രയോജനപ്പെടുത്തുന്നത് ചികിത്സ ഫലപ്രദമാക്കാന്‍ സഹായകമാകുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പല പദ്ധതികളും മനുഷ്യോപകാരപ്രദങ്ങളായ പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ പാലോട്, പാറശ്ശാല, വര്‍ക്കല, കിഴുവിലം എന്നിവിടങ്ങളിലെ സ്‌പെഷ്യാലിറ്റി ഒ.പി. ക്ലിനിക്കുകളില്‍ ഇത്തരം ചികിത്സയ്ക്കു സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. ഏര്‍ലി ഡിറ്റക്ഷന്‍ സെന്ററിന്റെ ഉദ്ഘാടനം വി.എസ്. ശിവകുമാര്‍ എം.എല്‍.എയും ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ രക്ഷാകര്‍ത്താക്കള്‍ക്കായുള്ള പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗവും നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. രഞ്ജിത്ത്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.പി. മുരളി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സി.എസ് ഗീതാ രാജശേഖരന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എസ്.കെ.പ്രീജ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ്.കെ. ബെന്‍ ഡാര്‍വിന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ്. സുകേശ്, എ.എസ്.എം. ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. ഉഷാകുമാരി, പൂജപ്പുര ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എന്‍. വിജയകുമാര്‍, ഡി.ഷാജിലാല്‍, ഡോ. റോഷ്‌നി അനിരുദ്ധന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു. പി.എന്‍.എക്‌സ്.405/17