തിരുവനന്തപുരം: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം. വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 16 സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ 14 ചില്‍ഡ്രന്‍സ് ഹോമുകളില്‍ നിന്നായി 70 കുട്ടികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇതില്‍ 68 കുട്ടികളും മികച്ച വിജയത്തോടു കൂടി ഉന്നതപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്.

മികച്ച വിജയം നേടിയ ഹോമിലെ കുട്ടികളെ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. പ്രതികൂല സാഹചര്യത്തിലും മികച്ച വിജയമാണ് ഹോമിലെ കുട്ടികള്‍ കാഴ്ചവച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിലും കുട്ടികള്‍ക്ക് മികച്ച വിജയം കരസ്ഥമാക്കുവാന്‍ സാധിച്ചു. പഠനത്തില്‍ പിന്നോട്ടുള്ള കുട്ടികളെയും വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. സ്ഥാപനങ്ങളില്‍ നിയോഗിച്ചിട്ടുള്ള എഡ്യൂക്കേറ്റര്‍, ട്യൂഷന്‍ അദ്ധ്യാപകര്‍ എന്നിവരുടെ സഹായത്തോടെയാണ് കുട്ടികള്‍ ഈ നേട്ടം കൈവരിച്ചത്. സ്മാര്‍ട്ട് ക്ലാസ് റൂം, മികച്ച പഠനമുറി, ലൈബ്രറി എന്നിവയും ചില്‍ഡ്രന്‍സ് ഹോമുകളില്‍ ഒരുക്കി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.