തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ ശ്രീചിത്ര ഹോമിലെ വിദ്യാര്‍ത്ഥികളെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. പ്രതികൂല സാഹചര്യത്തിലും പഠനത്തിന് മികവ് കാണിച്ച വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് മാതൃകയാണ്. വിദ്യാര്‍ത്ഥികളുടെ പഠനത്തിന് നല്ലൊരു അന്തരീക്ഷമാണ് ശ്രീചിത്ര ഹോം ഒരുക്കിയത്. ഇത്തവണ 14 പെണ്‍കുട്ടികളും 3 ആണ്‍കുട്ടികളും ഉള്‍പ്പെടെ 17 പേരാണ് ഹോമില്‍ നിന്നും പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം 27 പേരാണ് ഹോമില്‍ നിന്നും ജയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മികവാര്‍ന്ന പഠന സൗകര്യങ്ങളാണ് ഇപ്പോള്‍ ശ്രീചിത്ര ഹോമില്‍ മുഴുവന്‍ കുട്ടികള്‍ക്കും വേണ്ടി ഒരുക്കിയിട്ടുള്ളത്. ഹോമിലെ ഒന്ന് മുതല്‍ പന്ത്രണ്ടുവരെ ക്ലാസിലുള്ള കുട്ടികള്‍ക്കും 12 കമ്പ്യൂട്ടറുകളും, മോണിറ്ററിന് പകരം 32 ഇഞ്ച് എല്‍.ഇ.ഡി ടിവികളും ഉപയോഗിച്ച് പ്രത്യേക സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സജ്ജമാക്കി. യൂട്യൂബ് മുഖേന എല്ലാവിഷയത്തിലുമുള്ള ക്ലാസുകള്‍ എല്ലാ ദിവസവും കാണുന്നതിന് പ്രത്യേകം സൗകര്യവും ഒരുക്കിയിട്ടുണ്ട്.