743 ക്യാമ്പ് സന്ദര്‍ശനങ്ങളും 1,191 ഭവന സന്ദര്‍ശനങ്ങളും നടത്തി

തിരുവനന്തപുരം: പ്രളയാനന്തരം പലതരം മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകാം. പ്രിയപ്പെട്ടവര്‍, സ്വന്തം വീട്, വസ്തുവകകള്‍, ഒരായുഷ്‌ക്കാലം മുഴവനുള്ള സമ്പാദ്യം അങ്ങനെ എല്ലാം ഒറ്റ ദിവസം കൊണ്ട് ഇല്ലാതാകുക എന്നു വച്ചാല്‍… ദുരന്തം കാരണം ഉണ്ടായ മാനസിക പ്രശ്‌നങ്ങള്‍ ആഴ്ചകള്‍ കഴിഞ്ഞും പ്രത്യക്ഷപെടാം എന്നുള്ളതുകൊണ്ടും ഉല്‍കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ ദീര്‍ഘകാലം നിണ്ടുനില്‍ക്കാം എന്നതിനാലും കരുതലോടെയുള്ള പ്രവര്‍ത്തനമാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്.

വിവിധ തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 19 വരെയുള്ള കണക്കനുസരിച്ച് അരലക്ഷത്തിലധികം പേര്‍ക്ക് സാമൂഹ്യ, മന:ശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുവരെ 743 ക്യാമ്പ് വിസിറ്റുകളും 1,191 ഭവന സന്ദര്‍ശനങ്ങളും നടത്തി. ഇതുവഴി 42,493 പേര്‍ക്ക് ഗ്രൂപ്പ് തെറാപ്പികളും 10,698 പേര്‍ക്ക് സൈക്കോ സോഷ്യല്‍ പരിചരണവും നല്‍കി. ഇതിന് പുറമേ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമുള്ള 415 പേര്‍ക്ക് ഔഷധ ചികിത്സയും നല്‍കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളവര്‍ വീടുകളിലേക്ക് പോകുന്ന മുറയ്ക്ക് ഭവന സന്ദര്‍ശനവും നടത്തുന്നതാണ്.

കേരളത്തില്‍ ഉണ്ടായ പ്രളയം, ഉരുള്‍പൊട്ടല്‍, പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 9ന് പന്ത്രണ്ട് ജില്ലകളില്‍ മാനസികാരോഗ്യ ദുരന്ത നിവാരണ ടീമുകള്‍ രൂപീകരിക്കുകയുണ്ടായി. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ (ഡി.എം.എച്ച്.പി.) കീഴിലാണ് ഈ ടീമുകള്‍ രൂപീകരിച്ചത്. നോഡല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ദുരന്തവുമായി ബന്ധപ്പെട്ട മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഏകോപിപ്പിക്കുകയും ചെയ്തു. സന്നദ്ധ പ്രവര്‍ത്തനത്തിനായി എത്തിയ മാനസികാരോഗ്യ വിദഗ്ധരെയും പ്രവര്‍ത്തകരെയും ഈ ടിമുകളില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തോടനുബന്ധിച്ച് മാനസികാരോഗ്യ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലകളില്‍ കൗണ്‍സിലര്‍മാരെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്ന ദുരന്ത നിവാരണ പ്രവര്‍ത്തങ്ങളിലും ഇവരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മാനസികാരോഗ്യ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ അഡോളസന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, സന്നദ്ധരായി എത്തിയിട്ടുള്ള എം.എസ്.ഡബ്ല്യു/സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികള്‍, ബിരുദധാരികള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് വിവിധ സംഘങ്ങളായി നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ കേന്ദ്രികരിച്ച് ബോധവത്കരണ ക്ലാസുകള്‍, കുട്ടികള്‍ക്കുള്ള പ്ലേ തെറാപ്പി, ഗ്രൂപ്പ് തെറാപ്പികള്‍,
കൗണ്‍സിലിംഗ് എന്നിവ നടത്തി വരുന്നു. ദുരന്തത്തില്‍പ്പെട്ടവരുടെ കാര്യങ്ങള്‍ കേള്‍ക്കുവാനും അവര്‍ക്ക് ആശ്വാസം പകരുവാനുമാണ് ഈ ടീമുകള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഇതില്‍തന്നെ കുട്ടികളുടെയും പ്രായമായവരുടെയും പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നു. 

കൂടുതല്‍ വിദഗ്ധ സഹായം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുവാന്‍ സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍ എന്നിവരടങ്ങുന്ന മാനസികാരോഗ്യ പരിപാടി ടീം ക്യാമ്പുകളില്‍ എത്തുന്നു. ഇതിനോടൊപ്പം മാനസിക രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവരെ കണ്ടെത്തി ചികിത്സ മുടങ്ങാതെ നല്‍കുവാനും സംഘങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം, ദുരന്തത്തിനു ശേഷമുള്ള അവയുടെ ലഭ്യതക്കുറവുമൂലം ‘വിത്ത്ഡ്രാവല്‍’ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെയും കണ്ടെത്തി പ്രത്യേക ചികിത്സ നല്‍കുന്നു.

മാനസിക പ്രശ്‌നങ്ങള്‍ക്കും വിഷമങ്ങള്‍ക്കും സംശയ നിവാരണങ്ങള്‍ക്കും ദിശയുടെ ടോള്‍ ഫ്രീ നമ്പരായ 1056 ലഭ്യമാണ്. വിദഗ്ധരുടെ സേവനം 24 മണിക്കൂറും തികച്ചും സൗജന്യമായി ലഭ്യമാണ്.