ജീവിതശൈലി രോഗങ്ങളും പകര്‍ച്ചവ്യാധികളും ഏറിവരുന്ന സാഹചര്യത്തില്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ ശാക്തീകരിക്കുകയും ആശുപത്രികളെ രോഗീസൗഹൃദമാക്കി ചികിത്സാ ചെലവ്‌ കുറയ്‌ക്കുക അത്യാവശ്യമാണെന്ന്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രം എന്ന ആശയം ഇതിന്റെ ഭാഗമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ദ്രം മിഷന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി കെ കെ ശൈലജ. ജില്ലയിലെ ഈ വര്‍ഷം 48 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ്‌ കുടുംബാരോഗ്യാ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്‌. ഇവിടങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരെ ഉള്‍പ്പെട്ട അവലോകന യോഗം കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ആരോഗ്യ വകുപ്പ്‌ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്നു. നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. 48 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ ജില്ലയിലെ ആകെ കുടുംബാരോഗ്യകേന്ദ്രങ്ങളുടെ എണ്ണം 66 ആകും. ആദ്യഘട്ടതത്തിലെ 18 കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ 16 എണ്ണം ഉദ്‌ഘാടനം ചെയ്‌ത്‌ കഴിഞ്ഞു. യോഗത്തില്‍ കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം എല്‍ റോസ്സി, ജില്ലാ കളക്ടര്‍ ടിവി അനുപമ, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ്‌ ഹെല്‍ത്ത്‌ സര്‍വ്വീസസ്‌ ഡോ. ജഗദീശ്‌, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജെ റീന, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. ടി.വി സതീശന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍, എന്‍ എച്ച്‌ എം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Please follow and like us:
0