വന്ധ്യതാ ചികിത്സയ്ക്ക് പൂര്‍ണമായും സബ്‌സിഡി നിരക്കില്‍ മരുന്നുകള്‍

തിരുവനന്തപുരം: ഗുണമേന്മയുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച കമ്മ്യൂണിറ്റി ഫാര്‍മസിയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

തൈക്കാട് ആശുപത്രിയില്‍ കാരുണ്യ ഫാര്‍മസി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതോടെ വന്ധ്യതാ ചികിത്സയ്ക്കുള്ള മരുന്നുകള്‍ പൂര്‍ണമായും സബ്‌സിഡി നിരക്കില്‍ ലഭ്യമാകുന്നതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആധുനിക ചികിത്സാ രംഗത്ത് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന ചികിത്‌സകളിലൊന്നാണ് വന്ധ്യതാ ചികിത്സ. വിദഗ്ധ ഡോക്ടര്‍മാരുടെ അഭാവവും മരുന്നുകളുടേയും അനുബന്ധ സാമഗ്രികളുടേയും വിലക്കൂടുതലും സാധാരണക്കാരന് വന്ധ്യതാ ചികിത്സ അപ്രാപ്യമാകാറുണ്ട്. ഇതിന് പരിഹാരമായാണ് തിരുവനന്തപുരം ജില്ലയില്‍ എസ്.എ.ടി. ആശുപത്രിയിലും തൈക്കാട് ആശുപത്രിയിലും വന്ധ്യതാ ചികിത്സയ്ക്ക് പ്രത്യേക യൂണിറ്റുകള്‍ ആരംഭിച്ചത്. ഇവ രണ്ടും മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി തൈക്കാട് ആശുപത്രിയില്‍ മൂന്നേമുക്കാല്‍ കോടി രൂപ മുടക്കി പ്രത്യേക ബ്ലോക്ക് നിര്‍മ്മിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

പുതിയ മാതൃശിശു ബ്ലോക്ക് ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതാണ്. എസ്.എന്‍.സി.യു., പി.പി. യൂണിറ്റ്, ലാബ്, ബ്ലഡ്ബാങ്ക്, ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍ എന്നിവ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതാണ്. സര്‍ക്കാരിന്റെ ലക്ഷ്യ പദ്ധതിയുടെ ഭാഗമായി 1.60 കോടി രൂപ വിനിയോഗിച്ചുള്ള ലേബര്‍റൂം കോപ്ലക്‌സസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എം.എസ്.സി.എല്‍. എം.ഡി. ഡോ. ദിലീപ് കുമാര്‍ സ്വാഗതമാംശംസിച്ചു. കൗണ്‍സിലര്‍ ലക്ഷ്മി എം, ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജയിംസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സുനില്‍ കുമാര്‍, ഡി.പി.എം. ഡോ. അരുണ്‍ പി.വി. എന്നിവര്‍ പങ്കെടുത്തു.

Please follow and like us:
0