വെര്‍ച്വല്‍ ഐ.ടി. കേഡര്‍ രൂപീകരിക്കുന്നതിന് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മഞ്ചേരി എന്നീ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മാര്‍ച്ച് മാസത്തോടെ ഇ-ഹെല്‍ത്ത് പദ്ധതി പ്രവര്‍ത്തനസജ്ജമാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ മെഡിക്കല്‍ കോളേജുകളില്‍ ഇ-ഹെല്‍ത്ത് നടപ്പിലാക്കുന്നതിന് ആര്‍ദ്രം പദ്ധതി പ്രകാരം രോഗീ സൗഹൃദ ഒ.പി. നവീകരണത്തിനായി മെഡിക്കല്‍ കോളേജുകള്‍ക്ക് മാത്രമായി 52 കോടിയോളം രൂപയാണ് സംസ്ഥാന വിഹിതമായി അനുവദിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും തെരഞ്ഞെടുക്കപ്പെട്ട 17 ആരോഗ്യ കേന്ദ്രങ്ങളിലും പൈലറ്റടിസ്ഥാനത്തില്‍ ഇ-ഹെല്‍ത്ത് പദ്ധതി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് ഇ-ഹെല്‍ത്ത് പദ്ധതി മറ്റ് മെഡിക്കല്‍ കോളേജുകളില്‍ക്കൂടി വ്യാപിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഒ.പി. രജിസ്‌ട്രേഷന്‍ മുതല്‍ രോഗീ പരിശോധനയും ചികിത്സക്രമങ്ങളും ഭരണനിര്‍വഹണവും ഉള്‍പ്പെടെ സമഗ്ര മേഖലകളിലെയും പ്രവര്‍ത്തനങ്ങള്‍ സംയോജിതമായ ഒരു സോഫ്റ്റുവെയര്‍ സിസ്റ്റം മുഖേന ക്രോഡീകരിച്ച് ശാസ്ത്രീയവും ഫലപ്രദവുമായ പുനരുപയോഗത്തിന് സജ്ജമാക്കി ഉപയോക്താക്കള്‍ക്ക് ആയാസ രഹിതവും രോഗീ സൗഹൃദവുമായ ചികിത്സ ഉറപ്പാക്കുകയുമാണ് ഇ-ഹെല്‍ത്തിലൂടെ ചെയ്യുന്നത്. ഇതിലൂടെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ കടലാസ് രഹിതമാക്കികൊണ്ട് വേഗതയും കൃത്യതയും പ്രദാനം ചെയ്യുന്ന ചികിത്സാ സംവിധാനം വിവര സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. ഇ-ഹെല്‍ത്ത് നടപ്പിലാക്കിയ തിരുവനന്തപുരം ജില്ലയിലെ 16 കുടുംബാരോഗ്യ കേന്ദ്രങ്ങളും വയനാട് ജില്ലയിലെ നൂല്‍പ്പുഴ പി.എച്ച്.സി.യും സമ്പൂര്‍ണ കടലാസ് രഹിത ആശുപത്രികളായാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, തിരുവനന്തപുരം ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഇ-ഹെല്‍ത്ത് സോഫ്റ്റുവെയര്‍ മുഖേന ഒ.പി. രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ള മൂന്നര കോടി ജനങ്ങളില്‍ 1.41 കോടി ജനങ്ങളുടെ ആരോഗ്യാധിഷ്ഠിത യു.എച്ച്.ഐ.ഡി. കാര്‍ഡ് നല്‍കുന്നതിനുള്ള സര്‍വേ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ളവരുടെ വിവര ശേഖരണം നടന്നുവരുന്നു.

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെട്ട 170 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 79 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഫെബ്രുവരി മാസത്തോടെ ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. മാര്‍ച്ച് 31ന് മുമ്പ് ശേഷിക്കുന്ന 90 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി ഇ-ഹെല്‍ത്ത് സംവിധാനത്തിന്‍ കീഴില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതോടെ സമ്പൂര്‍ണവും വൈവിധ്യവുമാര്‍ന്ന ഇ-ഹെല്‍ത്ത് പദ്ധതി ലോക രാജ്യങ്ങളില്‍ തന്നെ സര്‍ക്കാര്‍ സംവിധാനത്തിലൂടെ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം കേരളം മാത്രമാകും.

7 മെഡിക്കല്‍ കോളേജുകളില്‍ ഫലപ്രദമായി ഇ-ഹെല്‍ത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ ഐ.ടി. കേഡര്‍ രൂപീകരിക്കുന്നതിന് ഏകദിന ശില്‍പശാല തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ചു. ഓരോ മെഡിക്കല്‍ കോളേജില്‍ നിന്നും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ്, ലാബ് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നിവരുള്‍പ്പെടെ 200 ഓളം പേര്‍ പങ്കെടുത്തു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്. ശില്‍പശാല ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇ-ഹെല്‍ത്ത് പ്രോജക്ട് ഡയറക്ടറുമായ ഡോ. രാജന്‍ കോബ്രഗെഡെ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബിവി, ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, പ്രോജക്ട് മാനേജ്‌മെന്റ് വിഭാഗത്തിലെ സാങ്കേതിക വിദഗ്ധര്‍, എഞ്ചിനീയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ഇ-ഹെല്‍ത്ത് പ്രോജക്ട് ചീഫ് കണ്‍സള്‍ട്ടന്റ് ദിലീപ്, പ്രോജക്ട് ജോ. ഡയറക്ടര്‍ ഡോ. ജയന്‍, ടെക്‌നിക്കല്‍ വിഭാഗം മേധാവി വിനോദ് രാജ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചാ ക്ലാസ് നയിച്ചു.

ഇ-ഹെല്‍ത്ത് വിജയകരമായി നടപ്പിലാക്കിയ മെഡിക്കല്‍കോളേജ് ആശുപത്രി, വേളി പി.എച്ച്.സി., പേരൂര്‍ക്കട ആശുപത്രി എന്നിവിടങ്ങളില്‍ ഈ സംഘം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കി. 7 മെഡിക്കല്‍ കോളേജുകളില്‍ ഒരേസമയം ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയാണ് ഈ ശില്‍പശാല സംഘടിപ്പിച്ചത്.

തുടര്‍ന്നുള്ള ഇ-ഹെല്‍ത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റും അതാത് മെഡിക്കല്‍ കോളേജുകളിലെ വെര്‍ച്വല്‍ ഐ.ടി. കേഡര്‍ വിഭാഗവും യോജിച്ച് പ്രവര്‍ത്തിച്ച് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശിച്ചു.

Please follow and like us:
0