തിരുവനന്തപുരം: ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ഭാരത് ജ്യോതി അവാര്‍ഡ് ന്യൂഡല്‍ഹി മാക്‌സ്മുള്ളര്‍ മാര്‍ഗ് ലോദി ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി. മുന്‍ ഗവര്‍ണര്‍മാരായ ശേഖര്‍ ദത്തയും ലഫ്. ജനറല്‍ കൃഷ്ണ മോഹന്‍ സിംഗും ചേര്‍ന്ന് മന്ത്രിക്ക് അവാര്‍ഡ് സമ്മാനിച്ചു. സൊസൈറ്റി സെക്രട്ടറി ജനറല്‍ ഗുര്‍ദീപ് സിംഗ് ആശംസയര്‍പ്പിച്ചു. പൊതുജനാരോഗ്യ രംഗത്തും സാമൂഹിക നീതി രംഗത്തും വനിതകളുടേയും കുട്ടികളുടേയും പുരോഗതിയ്ക്കും സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമായിട്ടാണ് അവാര്‍ഡ് നല്‍കിയത്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ ഇടയില്‍ ഐക്യം, ദേശീയത, സമാധാനം, സ്‌നേഹം, സാഹോദര്യം എന്നിവ വളര്‍ത്തുന്നതിന് നിലകൊള്ളുന്ന സന്നദ്ധ സംഘടനയാണ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി. ഇതിലൂടെ ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളുമായി സൗഹൃദം വളര്‍ത്തിയെടുക്കുകയും സഹകരണം ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഇതോടൊപ്പം പ്രൊഫഷണല്‍, വിദ്യാഭ്യാസ, വ്യാവസായിക, വ്യക്തിഗത അനുഭവം എന്നിവ എല്ലാ ആളുകളുമായും പങ്കുവയ്ക്കാനും കഴിയുന്നു.

ഇന്ത്യയും വിവിധ രാജ്യങ്ങളിലെ പ്രവാസികളും നടത്തുന്ന സംയുക്ത സംരംഭങ്ങള്‍ ഏകോപിപ്പിക്കാന്‍ സാമ്പത്തിക വിദഗ്ധര്‍, പത്രപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വ്യവസായികള്‍, പണ്ഡിതര്‍, എന്‍ജിനീയറിങ് വിദഗ്ധര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, റിട്ടയര്‍ ചെയ്ത ജനറല്‍മാര്‍ എന്നിവരടങ്ങിയ വിദഗ്ധസമിതിയും സൊസൈറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.

Please follow and like us:
0