തിരുവനന്തപുരം: ‘ഭിന്നശേഷി നയം 2016’ നടപ്പിലാക്കുന്നതില്‍ മികവ് പുലര്‍ത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന 2018 ലെ ദേശീയ അവാര്‍ഡ് വിജ്ഞാന്‍ ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ ഉപരാഷ്ടപതി വെങ്കയ്യ നായിഡുവില്‍ നിന്ന് സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിത വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി. എന്‍.എച്ച്.എഫ്.ഡി.സി.യുടെ മികച്ച സംസ്ഥാന ചാനലൈസിംഗ് ഏജന്‍സി വിഭാഗത്തിലാണ് കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന് അവാര്‍ഡ് നേടിക്കൊടുത്തത്. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി തവര്‍ ചന്ദ് ഗഹ് ലോട്ട്, സഹമന്ത്രി രാംദാസ് അദ് വലേ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സംസ്ഥാനത്തിന് ഇങ്ങനെയൊരവാര്‍ഡ് ലഭിക്കുന്നത് ഇതാദ്യമാണ്. 2017-18 വര്‍ഷത്തില്‍ നടത്തിയ കോര്‍പറേഷന്റെ പ്രവര്‍ത്തന മികവാണ് അവാര്‍ഡിന് പരിഗണിച്ചത്. കേരള സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്. 2000ലാണ് എന്‍.എച്ച്.എഫ്.ഡി.സി.യുടെ ചാനലൈസിംഗ് ഏജന്‍സിയായി സംസ്ഥാന വികലാംഗ കോര്‍പറേഷന്‍ മാറുന്നത്. 16 വര്‍ഷം കൊണ്ട് ഏകദേശം 25 കോടി രൂപയായിരുന്നു സ്വയം തൊഴില്‍ വായ്പയായി നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് വായ്പ മേളകള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ച് 15 കോടി രൂപ വായ്പയായി നല്‍കാന്‍ കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്.

സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാര്‍ പരശുവയ്ക്കല്‍ മോഹനന്‍, മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.

Please follow and like us:
0