നയനാമൃതം സംസ്ഥാനതല ഉദ്ഘാടനം

തിരുവനന്തപുരം: ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി രോഗങ്ങള്‍ പ്രാഥമിക തലത്തില്‍ തന്നെ നിര്‍ണയിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നയനാമൃതം പദ്ധതിയെകൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രമേഹ രോഗികളിലുണ്ടാകുന്ന നേത്രപടല അന്ധത അഥവാ ഡയബറ്റിക് റെറ്റിനോപ്പതി നേരത്തെ കണ്ടുപിടിക്കാനും ചികിത്സിക്കാനുമായിട്ടാണ് ഈ നൂതന സംരംഭം ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ആര്‍ദ്രം ദൗത്യം, ഇ-ഹെല്‍ത്ത് എന്നിവയുമായി സംയോജിപ്പിച്ചുകൊണ്ടാണ് നയനാമൃതം ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കേരള സര്‍ക്കാരും ഓര്‍ണേറ്റ് ഇന്ത്യ-യു.കെ.യും സംയുക്തമായി നടപ്പിലാക്കുന്ന നയനാമൃതം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നേത്രപടല അന്ധത കണ്ടെത്തുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഫണ്ടസ് ക്യാമറ വാങ്ങി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇതിലൂടെ വളരെ വേഗത്തില്‍ രോഗനിര്‍ണയം നടത്താനാകും. രോഗം കണ്ടുപിടിച്ച് കഴിഞ്ഞാല്‍ ചികിത്സിക്കായി താലൂക്ക്/ജില്ലാ ആശുപത്രി മുതലുള്ള ആശുപത്രികളില്‍ അതിനുള്ള ചികിത്സ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒരു സ്റ്റാഫ് നഴ്‌സിനും ഡോക്ടര്‍ക്കും നയനാമൃതം പദ്ധതിയോടനുബന്ധിച്ച് പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും കണ്ടെത്തുന്ന രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് ആശ വേളണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്‍കി വരുന്നു.

തുടക്കത്തിലേ തന്നെ കണ്ടുപിടിച്ച് ചികിത്സ ലഭ്യമാക്കേണ്ടത് വളരെ അത്യാവശ്യമായതിനാലാണ് സര്‍ക്കാര്‍ ഈയൊരു പദ്ധതിയ്ക്ക് രൂപം നല്‍കിയത്. ആരംഭത്തില്‍ ഈ രോഗം കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ അന്ധതയ്ക്ക് കാരണമായേക്കാം. പ്രമേഹ രോഗം ഉളളവരില്‍ വര്‍ഷത്തില്‍ ഒരിക്കലോ ഡോക്ടര്‍ നിര്‍ദേശിക്കുന്ന കാലയളവിലോ ഡയബറ്റിക് റെറ്റിനോപ്പതി പരിശോധന നടത്തേണ്ടതാണ്. അതിനാല്‍ തന്നെ എല്ലാവരും ഈ പദ്ധതിയുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓര്‍ണേറ്റ് ഇന്ത്യ-യു.കെ. പ്രതിനിധി ഡോ. ശോഭ ശിവപ്രസാദ് മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ്., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംല ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആര്‍.ഐ.ഒ. ഡയറക്ടര്‍ ഡോ. വി. സഹസ്രനാമം, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍ ഡോ. മീനാക്ഷി വി., കൗണ്‍സിലര്‍ സതീഷ് കുമാര്‍, ഡോ. ജയ്‌റാംദാസ്, ഡോ. വിപിന്‍ ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.