തിരുവനന്തപുരം: ‘ഭിന്നശേഷി നയം 2016’ നടപ്പിലാക്കുന്നതില്‍ മികവ് പുലര്‍ത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന 2018 ലെ ദേശീയ അവാര്‍ഡ് എന്‍.എച്ച്.എഫ്.ഡി.സി.യുടെ മികച്ച സംസ്ഥാന ചാനലൈസിംഗ് ഏജന്‍സി വിഭാഗത്തില്‍ കേരള സംസ്ഥാന വികലാംഗ കോര്‍പറേഷന്‍ തെരഞ്ഞടുക്കപ്പെട്ടു. ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3ന് ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി അവാര്‍ഡുകള്‍ വിതരണം ചെയ്യും. സംസ്ഥാനത്തിന് ഇങ്ങനെയൊരവാര്‍ഡ് ലഭിക്കുന്നത് ഇതാദ്യമാണ്. 2017-18 വര്‍ഷത്തില്‍ നടത്തിയ കോര്‍പറേഷന്റെ പ്രവര്‍ത്തന മികവാണ് അവാര്‍ഡിന് പരിഗണിച്ചത്.

കേരള സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 2000ലാണ് എന്‍.എച്ച്.എഫ്.ഡി.സി.യുടെ ചാനലൈസിംഗ് ഏജന്‍സിയായി സംസ്ഥാന വികലാംഗ കോര്‍പറേഷന്‍ മാറുന്നത്. 16 വര്‍ഷം കൊണ്ട് ഏകദേശം 25 കോടി രൂപയായിരുന്നു സ്വയം തൊഴില്‍ വായ്പയായി നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് വായ്പ മേളകള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ച് 15 കോടി രൂപ വായ്പയായി നല്‍കാന്‍ കഴിഞ്ഞു എന്നത് വലിയ നേട്ടമാണെന്ന് മന്ത്രി വ്യക്തമാക്കി.

1979 മുതല്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് സംസ്ഥാന വികലാംഗ കോര്‍പറേഷന്‍. 16 ഓളം ക്ഷേമ പദ്ധതികളാണ് കോര്‍പറേഷന്‍ നടത്തി വരുന്നത്. 1000 ഓളം പേര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്ത ശുഭയാത്ര പദ്ധതി, 100 പേര്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്ത കാഴ്ച പദ്ധതി എന്നിവ കോര്‍പറേഷന്റെ പ്രധാന പദ്ധതികളാണ്. ഒറ്റത്തവണ തീര്‍പ്പാക്കലിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1.84 കോടി രൂപ ഉപയോഗിച്ച് ആശ്വാസം പദ്ധതി നടപ്പിലാക്കുകയും മരണമടഞ്ഞ 35 പേരുടെ വായ്പ കുടിശിക എഴുതി തള്ളുകയും ചെയ്തു. കാഴ്ച പരിമിതിയുള്ള 1000 പേര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതി, നിര്‍വഹണത്തിന്റെ അവസാന ഘട്ടത്തിലാണ്.

Please follow and like us:
0