തിരുവനന്തപുരം: കുറ്റവാളികളില്ലാത്ത കേരളം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പശാല ഒക്‌ടോബര്‍ 11-ാം തീയതി വ്യാഴാഴ്ച രാവിലെ 10 മണിക്ക് പി.എം.ജി.യിലുള്ള ഹോട്ടല്‍ പ്രശാന്തില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്, ഡി.ജി.പി. ലോകനാഥ് ബെഹ്‌റ ഐ.പി.എസ്, ജയില്‍ ഡി.ജി.പി. ആര്‍. ശ്രീലേഖ ഐ.പി.എസ്, തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ജുഡീഷ്യറി, പോലീസ്, പ്രൊബേഷന്‍, ജയില്‍ വെല്‍ഫയര്‍ തുടങ്ങിയ വിവിധ മേഖലയിലെ വിദഗ്ദരും ഈ ശില്‍പശാലയില്‍ പങ്കെത്തു. പുതുതായി ആരംഭിക്കേണ്ട വിവിധ പദ്ധതികളും നിയമങ്ങളും കരട് രൂപത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച നടത്തും.

സാമൂഹ്യനീതി വകുപ്പില്‍ നിലവിലുള്ള പ്രൊബേഷന്‍ (നല്ലനടപ്പ്) സംവിധാനം ശക്തിപ്പെടുത്തി വിവിധ വകുപ്പുകളെയും അക്കാദമിക സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും സഹകരിപ്പിച്ച് പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

ജയിലുകളിലെ ആള്‍പെരുപ്പം കുറയ്ക്കുക, ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരുടെ കുടുംബ സാമൂഹ്യ സാഹചര്യങ്ങളില്‍ നിരന്തരം ഇടപെട്ട് വീണ്ടും കുറ്റക്യത്യങ്ങളിലേക്ക് പോകുന്ന പ്രവണത ഇല്ലാതാക്കുക, ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ജയിലിലേക്ക് അയയ്ക്കുന്നതിന് പകരം ‘സാമൂഹ്യ സേവന ശിക്ഷ’ എന്ന ആശയം നടപ്പില്‍ വരുത്തുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയാകും.

Please follow and like us:
0