തിരുവനന്തപുരം: നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്) കേന്ദ്ര സര്‍വകലാശാലയാക്കുമെന്ന വാഗ്ദാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയത് അപലപനീയമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എയിംസിന് പിന്നാലെ നിഷിന്റെ കാര്യത്തിലും സംസ്ഥാനത്തിന് നല്‍കിയ വാഗ്ദാനത്തില്‍ നിന്നും കേന്ദ്രം പിന്നോട്ട് പോയത് ഒരിക്കലും ന്യായീകരിക്കാനാകാത്തതാണ്. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ നിഷിന്റെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കേള്‍വിക്കും സംസാരത്തിനും ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കായി 1997ല്‍ നയനാര്‍ സര്‍ക്കാരാണ് നിഷ് സ്ഥാപിച്ചത്. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിഷിന് വളരെയധികം അംഗീകാരം ലഭിച്ചു. സംസാരിക്കാന്‍ കഴിയാത്തവര്‍ക്കും കേള്‍വിശക്തി നഷ്ടപ്പെട്ടവര്‍ക്കും വേണ്ടിയുള്ള രാജ്യത്തിലെ മികച്ച സ്ഥാപനമാണ് നിഷ്. കേരള സര്‍ക്കാരിന്റെ കീഴില്‍ നിരവധി പദ്ധതികളാണ് നിഷിലൂടെ നടപ്പിലാക്കിയത്. പ്രവര്‍ത്തന മികവിലൂടെ രാജ്യത്തിന് തന്നെ അഭിമാനകരമായ സ്ഥാപനമായി നിഷ് മാറുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയും ഓഡിയോ വെര്‍ബല്‍ തെറാപ്പിയും നല്‍കുന്ന രാജ്യത്തെ മികച്ച സ്ഥാപനം കൂടിയാണിത്.

നിഷിന്റെ പ്രാധാന്യം മനസിലാക്കി കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗെഹ് ലോത് ഇതിനെ ഒരു കേന്ദ്ര സര്‍വകലാശാലയാക്കാമെന്ന് 2015 ല്‍ സംസ്ഥാന സര്‍ക്കാരിനോട് പറയുകയുണ്ടായി. അതിന്‌ശേഷം സംസ്ഥാന സര്‍ക്കാര്‍ അത് വിട്ടുനല്‍കാമെന്ന കത്ത് നല്‍കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് 2015-16ലെ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തുകയും 1700 കോടി രൂപ മുടക്കുമെന്ന് കേന്ദ്രമന്ത്രി പറയുകയും ചെയ്തു. ഇതിന്റെയടിസ്ഥാനത്തില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്തു. ഈയൊരു അവസരത്തില്‍ ഇതില്‍ നിന്നും കേന്ദ്രം പിന്‍മാറുന്നത് സംസ്ഥാനത്തോടുള്ള അവഗണനയും രാഷ്ട്രീയമായുള്ള പകപോക്കലുമാണ്. സംസ്ഥാനത്തോടുള്ള തുടര്‍ച്ചയായുള്ള അവഗണനയുടെ അവസാനത്തെ ഉദാഹരണമാണിതെന്നും മന്ത്രി വ്യക്തമാക്കി.

Please follow and like us:
0