തിരുവനന്തപുരം: നിലവില്‍ വന്നിട്ടില്ലാത്ത സ്ഥാപനമായ എന്‍.യു.ആര്‍.ഡി.എസിന്റെ പേരില്‍ ജോലി തട്ടിപ്പിന് ശ്രമിച്ചതിനെ തുടര്‍ന്ന് നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്) ഡയറക്ടര്‍ പോലീസിന് പരാതി നല്‍കിയതായി സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്. കബളിപ്പിക്കപ്പെട്ട ബാലരാമപുരം സ്വദേശിനി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് സാമൂഹ്യനീതി വകുപ്പ് ശക്തമായ നടപടികളെടുക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി തവാര്‍ചന്ദ് ഗെഹ് ലോതിന്റേയും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ഐ.ഇ.പി.എം.ഡി.യുടേയും ലൈറ്റര്‍ഹെഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

ബാലരാമപുരം റസല്‍പുരം സ്വദേശിനിയ്ക്ക് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ തസ്തികയില്‍ ബുധനാഴ്ച 11.30ന് ആക്കുളത്തെ എന്‍.യു.ആര്‍.ഡി.എസ്. ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂനായി, എന്‍.ഐ.ഇ.പി.എം.ഡി.യില്‍ നിന്നും ലെറ്റര്‍ ലഭിച്ചത്. ഇതോടൊപ്പം കേന്ദ്ര മന്ത്രിയുടെ ശിപാര്‍ശ കത്തും ലഭിച്ചതോടെ യുവതി വിശ്വസിച്ചു. എന്നാല്‍ ഇന്റര്‍വ്യൂവിനായി സ്ഥലത്തെത്തിയതോടെയാണ് ഇങ്ങനെയൊരു സ്ഥാപനം ഇല്ലെന്ന് യുവതിയ്ക്ക് മനസിലായത്. ആ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നത് നിഷാണ്. നിഷിനെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോഴുള്ള പേരാണ് എന്‍.യു.ആര്‍.ഡി.എസ്. ഇതോടെയാണ് യുവതി കബളിക്കപ്പെട്ടെന്ന് മനസിലായത്.

എന്‍.യു.ആര്‍.ഡി.എസിന്റെ പേരില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന പേരില്‍ നെയ്യാറ്റിന്‍കര സ്വദേശിനിയായ ഇടനിലക്കാരന്‍ 5 ലക്ഷം രൂപ തട്ടിയെടുത്തതായാണ് യുവതിയുടെ ആരോപണം. ഇതോടൊപ്പമാണ് കേന്ദ്രമന്ത്രിയുടെ ശിപാര്‍ശ കത്തും ഇന്റര്‍വ്യൂ ലെറ്ററും ഇടനിലക്കാരന്‍ വ്യാജമായി നിര്‍മ്മിച്ച് കൊടുത്തത്. ഇടനിലക്കാരന്‍ പണം തിരികെ നല്‍കാന്‍ തയ്യാറാണെന്നും തനിക്ക് പരാതിയില്ലെന്നുമാണ് യുവതി അറിയിച്ചിട്ടുള്ളത്. യുവതി രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറായില്ലെങ്കിലും ഈ സ്ഥാപനത്തിന്റെ പേരില്‍ ഇനി ഒരാളും പറ്റിക്കപ്പെടാതിരിക്കാനായി സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം നിഷ് തന്നെ നേരിട്ട് ശ്രീകാര്യം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ പോലും ലെറ്റര്‍ഹെഡ് ഉപയോഗിച്ച് ശിപാര്‍ശക്കത്ത് തയ്യാറാക്കിയ ആളിനെ വെളിച്ചത്ത് കൊണ്ടു വരുന്നതിനും കൂടിയാണ് പരാതി നല്‍കിയത്.

Please follow and like us:
0