പകര്‍ച്ചവ്യാധി പ്രതിരോധം ലക്ഷ്യത്തിലേയ്ക്കടുക്കുന്നു

തിരുവനന്തപുരം: കാവലാളായ മത്സ്യതൊഴിലാളികള്‍ കേരളത്തിന് അഭിമാനമാണെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രളയത്തിലകപ്പെട്ട നിരവധി ആളുകളെ രക്ഷിച്ച ഇവരാണ് കേരളത്തെ ലോകത്തിന്റെ നെറുകയിലേക്കെത്തിച്ചത്. മനുഷ്യരുടെ കൂട്ടായ്മയുടെ ഉത്തമോദാഹരണമാണ് ഈ കാലഘട്ടത്തിലെ മത്സ്യതൊഴിലാളികളുടെ പ്രവര്‍ത്തനം. ധീരരായ മത്സ്യതൊഴിലാളികള്‍ക്ക് മുമ്പില്‍ അഭിമാനിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ സംസ്ഥാന ആയുഷ് വകുപ്പ് ആദരിക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് ആരോഗ്യ കിറ്റ് വിതരണം ചെയ്യുന്നതിന്റേയും തീരദേശ വാസികള്‍ക്കായി സംഘടിപ്പിച്ച ആയുര്‍വേദ, ഹോമിയോ, സിദ്ധ മെഗാ മെഡിക്കല്‍ ക്യാമ്പിന്റേയും ഉദ്ഘാടനം വേളി സെന്റ് തോമസ് ചര്‍ച്ച് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രളയം നമ്മെ പഠിപ്പിച്ചത് പരമമായ മനുഷ്യ സ്‌നേഹമാണ്. ഇവിടെ ജാതിമത വര്‍ഗം ഒന്നുമില്ല. ഓഖി ദുരന്തമുണ്ടായപ്പോള്‍ മത്സ്യതൊഴിലാളികളെ സഹായിക്കാന്‍ വേണ്ടി ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും പരമാവധി സഹായം ചെയ്തിട്ടുണ്ട്. അതില്‍ പ്രധാനമായിരുന്നു എല്ലാം നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനായി നടത്തിയ കൗണ്‍സിലിംഗ്. തീരദേശ ആശുപത്രികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ മുമ്പേ തന്നെ സ്വീകരിച്ചിട്ടുണ്ട്. തീരദേശത്തുള്ള ആയുഷ് ആശുപത്രികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മറ്റ് വിഭാഗങ്ങളെ ഏകോപിപ്പിച്ച് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിശ്രമമില്ലാതെ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ചവ്യാധി പ്രതിരോധം ലക്ഷ്യത്തോടടുക്കുകയാണ്. ആരോഗ്യ വകുപ്പ് നല്‍കിയ ബോധവത്ക്കരണം മാധ്യമങ്ങളും ജനങ്ങളും ഏറ്റെടുത്തതിന്റെ ഫലം കൂടിയാണ് പകര്‍ച്ച വ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞത്. ലോകമെമ്പാടും പ്രളയത്തിന് ശേഷമുണ്ടാകുന്ന പകര്‍ച്ചവ്യാധികളുടെ മരണ സംഖ്യ വളരെ വലുതാവാറുണ്ട്. എന്നാല്‍ കേരളത്തില്‍ പ്രളയത്തിന് ശേഷമുണ്ടായ പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞു.

അല്‍പമെങ്കിലും ഭീഷണിയായി നിന്ന എലിപ്പനിയും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ വകുപ്പ് നല്‍കിയ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സോസൈക്ലിന്‍ കഴിക്കാന്‍ വിമുഖത കാട്ടിയവര്‍ക്കായിരുന്നു ആദ്യഘട്ടത്തില്‍ എലിപ്പനി ബാധിച്ചത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ ശക്തമായ ശ്രമഫലമായി പ്രളയത്തില്‍പെട്ടവരും സഹായിക്കാന്‍ പോയവരുമായ ബഹുഭൂരിപക്ഷം പേരിലും പ്രതിരോധ ഗുളികകള്‍ എത്തിക്കാനും അതവര്‍ കഴിച്ചെന്ന് ഉറപ്പുവരുത്താനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആയുഷ് വകുപ്പ് സെക്രട്ടറി കേശവേന്ദ്രകുമാര്‍ ഐ.എ.എസ്. അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍ മേടയില്‍ വിക്രമന്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ. ജമുന, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. സി. ഉഷ കുമാരി, തിരുവനന്തപുരം ഗവ. ഹോമിയോ കോളേജ് പി.സി.ഒ. ഡോ. സുനില്‍രാജ്, ഔഷധി എം.ഡി. കെ.വി. ഉത്തമന്‍, ഹോംകോ എം.ഡി. ഡോ. ജോയ്, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. എം. സുഭാഷ്, നാഷണല്‍ ആയുഷ് മിഷന്‍ (ഹോമിയോപ്പതി) സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ആര്‍. ജയനാരായണന്‍, ഫാ. യേശുദാസന്‍ മത്യാസ് എന്നിവര്‍ പങ്കെടുത്തു. മത്സ്യ തൊഴിലാളികളെ പ്രതിനിധീകരിച്ച് രാജു തോമസ് അനുഭവങ്ങള്‍ വിവരിച്ചു.