സമ്പുഷ്ട കേരളം അടുത്ത വര്‍ഷത്തോടെ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വനിതാ-ശിശു വികസന വകുപ്പ് രൂപീകരിച്ചശേഷം ആദ്യമായി നടത്തിയ മുലയൂട്ടല്‍ വാരാചരണം സമൂഹമാധ്യമങ്ങളുടെ ശക്തമായ ഇടപെടലില്‍ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടില്‍ വരെയെത്തിയതായി വിലയിരുത്തല്‍. 10 ലക്ഷം പേരിലേക്കെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് സോഷ്യല്‍മീഡിയ ക്യാംപയിന്‍ ആരംഭിച്ചത്. 71,500ത്തോളം വരുന്ന അംഗന്‍വാടി ജീവനക്കാരിലൂടെയാണ് സന്ദേശം എത്തിച്ചത്. നാണിയമ്മ എന്ന കഥാപാത്രം, ആദ്യാമൃതം എന്ന മുദ്രാവാക്യം എന്നിവ ഉപയോഗിച്ച് പ്രധാനമായും വാട്‌സ് ആപ്പിലൂടെ സര്‍ക്കാര്‍ നടത്തിയ സമൂഹമാധ്യമ പ്രചരണത്തിന് വന്‍ പിന്തുണയാണ് ലഭിച്ചത്. ഇതിന് പിന്തുണയായി വാര്‍ഡ് തലം വരെ അവബോധ ക്ലാസുകള്‍, ശില്പശാലകള്‍, ആരോഗ്യമുള്ള കുഞ്ഞ് അടക്കമുള്ള നിരവധി മത്സരങ്ങള്‍, കൗണ്‍സലിംഗ്, പ്രശ്‌നോത്തരികള്‍ എന്നിവ നടത്തിയിരുന്നു. റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവയടക്കമുള്ള പൊതുസ്ഥലങ്ങളില്‍ മുലയൂട്ടുന്നതിനുള്ള തടസങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനമൊട്ടാകെ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ വാരാചരണത്തിന്റെ ഭാഗമായി സജ്ജീകരിച്ചിരുന്നു. പൊതുസ്ഥലങ്ങളില്‍ മുലയൂട്ടുന്നത് സ്വാഭാവിക പ്രക്രിയയാണെന്ന അവബോധം സൃഷ്ടിക്കുക എന്നത് വാരാചരണത്തിന്റെ ഭാഗമായി ഏറ്റെടുക്കുകയും ചെയ്തു. സമാപന ചടങ്ങുകള്‍ ചൊവ്വാഴ്ച ബ്ലോക്ക് തലത്തില്‍ സംഘടിപ്പിച്ചു.

വാരാചരണത്തിന്റെ ലക്ഷ്യങ്ങള്‍ തുടരാനായി സ്ത്രീകളുടെയും കൂട്ടികളുടെയും പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സമ്പുഷ്ട കേരളം എന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ദേശീയ പോഷകാഹാര മിഷന്റെ പോഷണ്‍ അഭിയാന്റെ ഭാഗമായ സമ്പുഷ്ട കേരളം അടുത്ത വര്‍ഷത്തോടെ കേരളം മുഴുവന്‍ നടപ്പാക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

പദ്ധതി നടപ്പാക്കുന്ന ജില്ലകളിലെ മുഴുവന്‍ അങ്കന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഐസിഡിഎസ് സൂപ്പര്‍ വൈസര്‍മാര്‍ക്കും സ്മാര്‍ട് ഫോണുകള്‍ ലഭ്യമാക്കും. ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരണങ്ങളും ഫോണിലെ ആപ്ലിക്കേഷന്‍ വഴി വര്‍ക്കര്‍ നല്‍കേണ്ടതുണ്ട്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ അംഗന്‍വാടികളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന എല്ലാ രജിസ്റ്ററുകളും നിര്‍ത്തലാക്കും. മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ സമൂഹ മാധ്യമ പ്രചാരണ പരിപാടി സമ്പുഷ്ട കേരളം പദ്ധതിയില്‍ വ്യാപിപ്പിക്കാന്‍ ഇതിലൂടെ കഴിയും.

പൂജ്യം മുതല്‍ 6 വയസുവരെയുള്ള കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള പൊക്കമില്ലായ്മയും പോഷണക്കുറവും (തൂക്കക്കുറവ്) വര്‍ഷത്തില്‍ 2% വീതം 6% തടയുകയും കുറയ്ക്കുകയും ചെയ്യുക, 6 മാസം മുതല്‍ 59 മാസം വരെയുള്ള കുട്ടികളിലെ നിലവിലുള്ള വിളര്‍ച്ചാ നിരക്ക് വര്‍ഷത്തില്‍ 3% വീതം 9% കുറയ്ക്കുക, 15 വയസ്സ് മുതല്‍ 49 വയസുവരെയുള്ള സ്ത്രീകളിലും കൗമാരക്കാരിലും വിളര്‍ച്ചാ നിരക്ക് വര്‍ഷത്തില്‍ 3% വീതം 9% കുറയ്ക്കുക, ജനനതൂക്കക്കുറവ് വര്‍ഷത്തില്‍ 2% വീതം 6% കുറയ്ക്കുക എന്നിവയാണ് പോഷണ്‍ അഭിയാന്റെ ലക്ഷ്യങ്ങള്‍. ഇതിനുപുറമെ രണ്ടു ലക്ഷ്യങ്ങള്‍കൂടി കേരളത്തിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുലപ്പാല്‍ മാത്രം നല്‍കല്‍ നിരക്ക് 53.3%ല്‍ നിന്നും 65% ആയി വര്‍ദ്ധിപ്പിക്കുക, സ്ത്രീകളിലേയും കുട്ടികളിലേയും അമിതഭാരവും അമിതവണ്ണവും 4% കുറയ്ക്കുക എന്നിവയാണവ. മുലയൂട്ടല്‍ പ്രോത്സാഹിപ്പിച്ചാല്‍ ഇതില്‍ ആദ്യത്തെ ലക്ഷ്യം പൂര്‍ണമായും രണ്ടാമത്തേത് ഭാഗികമായും നേടിയെടുക്കാനാവും.

Please follow and like us:
0