തൊഴിലിടങ്ങളിലെ ആശാസ്യമല്ലാത്ത കാര്യങ്ങളെ സാമൂഹിക പ്രശ്‌നമായി കാണണമെന്ന് ആരോഗ്യ കുടംബക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തൊഴില്‍ജന്യമായ പിരിമുറക്കമകറ്റുന്നതിനുള്ള സ്ട്രസ് റിലീസിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം ശാസ്ത്രീയമായിരിക്കണം. മാനസിക പിരിമുറുക്കത്തിനു മരുന്നു കഴിക്കുന്നതിനേക്കാള്‍ അതുണ്ടാവാതെ പ്രവര്‍ത്തനമേഖലയോട് പൊരുത്തപ്പെട്ടുപോകാനാണ് ശ്രമിക്കേണണ്ടതെന്നും മന്ത്രി പറഞ്ഞു. ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തൊഴിലിടങ്ങളിലെ മാനസികാരോഗ്യം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മനസ്സിന് ആരോഗ്യമുണ്ടെങ്കിലേ ശരീരത്തിന് ആരോഗ്യമുണ്ടാകൂ. വ്യക്തിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ക്ഷീണമുണ്ടായാല്‍ കുടുംബത്തിനും സമൂഹത്തിനും മാത്രമല്ല രാജ്യത്തിന്റെ ഉത്പാദനക്ഷമതയെപ്പോലും പ്രതികൂലമായി ബാധിക്കും. ആര്‍ദ്രം പദ്ധതിയില്‍ ആരംഭിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മാനസികാരോഗ്യ കേന്ദ്രങ്ങളുണ്ടാവുമെന്നും ആവശ്യമുള്ളവര്‍ക്ക് മികച്ച കൗണ്‍സലിങ്ങിന് അവിടെ സംവിധാനമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോടും തൃശൂരും തിരുവന്തപുരത്തുമുള്ള മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ആധുനികവത്കരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തും. അതിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറായി വരികയാണ്. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന കൈപ്പുസ്തകം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിതയ്ക്കു നല്‍കി മന്ത്രി പ്രകാശനം ചെയ്തു. മാനസികാരോഗ്യം സംബന്ധിച്ച സംശയ നിവാരണങ്ങളും മറ്റു സഹായങ്ങളും നല്‍കുന്നതിന് കേരള സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി ഓഫീസിലെ ഹെല്‍പ് ഡെസ്‌കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസ് ജി.ഡിക്രൂസ് മാനസികാരോഗ്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആയുര്‍വേദ വകുപ്പ് ഡയറക്ടര്‍ ഡോ. സി. ഉഷാകുമാരി, തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സാഗര്‍ ടി, ആരോഗ്യ വകുപ്പ് മാനസികാരോഗ്യപരിപാടി നോഡല്‍ ഓഫീസര്‍ ഡോ. കിരണ്‍ പി.എസ്., കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി സെക്രട്ടറി ഡോ. ജയപ്രകാശന്‍ കെ.പി തുടങ്ങിയവര്‍ സംബന്ധിച്ചു.

Please follow and like us:
0