ആശുപത്രികളുടെ എല്ലാതലങ്ങളിലുമുള്ള വികസനം ഉറപ്പാക്കുകയും രോഗീസൗഹൃദമാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചികിത്‌സാരേഖകള്‍ കമ്പ്യൂട്ടര്‍വത്കരിച്ച് കേന്ദ്രീകൃത ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ‘ഇ-ഹെല്‍ത്ത്’ (ജീവന്‍രേഖാ) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട ഗവ. ജില്ലാ മോഡല്‍ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ-ഹെല്‍ത്ത് പദ്ധതിയിലുടെ ചികിത്‌സാ കേന്ദ്രങ്ങളെയാകെ പരസ്പരം ബന്ധിപ്പിക്കാനാവുന്നതാണ് പ്രത്യേകത. പോരായ്മകള്‍ തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് ആരോഗ്യരംഗത്ത് കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ‘ആര്‍ദ്രം’ മിഷനോടെ കേരളത്തില്‍ ആരോഗ്യരംഗത്ത് വലിയ മാറ്റമുണ്ടാകും. എല്ലാതലങ്ങളിലും രോഗീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാകും. കുടുംബത്തിന്റെ ആരോഗ്യനില കൃത്യമായി മനസിലാക്കുന്ന നിലയിലേക്ക് ക്രമേണ നാം മാറുകയാണ്. സര്‍ക്കാര്‍ ജനപങ്കാളിത്തത്തോടെയും സുമനസുകളുടെ സഹായത്തോടെയും പദ്ധതികള്‍ നടപ്പാക്കും. നിര്‍മാര്‍ജനം ചെയ്‌തെന്ന് കരുതിയ രോഗങ്ങള്‍ തിരിച്ചുവരുന്നതും ജീവിതശൈലീരോഗങ്ങള്‍ വര്‍ധിക്കുന്നതും ഗൗരവമായി കാണുന്നുണ്ട്. സമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ദേശീയവും അന്തര്‍ദേശീയവുമായ വൈദഗ്ധ്യം സ്വീകരിക്കാന്‍ തുറന്ന മനസുണ്ടാകും. ആരോഗ്യരംഗത്തെ ഒട്ടേറെ നേട്ടങ്ങള്‍ക്ക് കേരളം വേദിയായത് സാമൂഹ്യമാറ്റങ്ങളുടെയും കുതിച്ചുചാട്ടങ്ങളുടെയും കൂടി പ്രതിഫലനമാണ്. കേരള മാതൃകയെന്ന് ആദ്യം വിളിച്ചതുതന്നെ ലോകാരോഗ്യസംഘടനയാണ്. ജനകീയാസൂത്രണത്തോടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആശുപത്രികള്‍ കൈമാറി നല്‍കിയതോടെ കൂടുതല്‍ ശ്രദ്ധയും സൗകര്യവര്‍ധനയും കൈവന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉദ്ഘാടനചടങ്ങില്‍ ശാന്തകുമാരിക്ക് പദ്ധതി വഴി ഇ-ഹെല്‍ത്ത് റിപ്പോര്‍ട്ടും ചടങ്ങില്‍ മുഖ്യമന്ത്രി നല്‍കി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിവരശേഖരണത്തിനുള്ള ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ അണ്ടൂര്‍ക്കോണം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നേഴ്‌സായ വിജി ലാന്‍സി, കുറ്റിച്ചല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജെ. സേവ്യര്‍ എന്നിവര്‍ക്കും മുഖ്യമന്ത്രി കൈമാറി. ആരോഗ്യരംഗത്തെ വിപ്ലവകരമായ തുടക്കമാണ് ഇ-ഹെല്‍ത്ത് പദ്ധതിയെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പദ്ധതി വഴി ചികില്‍സയും തുടര്‍ചികില്‍സയും പ്രതിരോധനടപടികളും എളുപ്പമാകും. ആശുപത്രികള്‍ കൂടുതല്‍ രോഗീ സൗഹൃദമാക്കാന്‍ ഒ.പി ബ്‌ളോക്കുകള്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്. അനില്‍കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. വേണുഗോപാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ സ്വാഗതവും ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ നന്ദിയും പറഞ്ഞു. കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ അലോപ്പതി ചികിത്‌സാ കേന്ദ്രങ്ങളിലെ പ്രവര്‍ ത്തനങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കുകയും പൊതുജനാരോഗ്യ കേന്ദ്രങ്ങളെ കേന്ദ്രീകൃത കമ്പ്യൂട്ടര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ‘ഇ-ഹെല്‍ത്ത്’. വീടുവീടാന്തരം ശേഖരിക്കുന്ന വിവരങ്ങളും ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്‌സ തേടിയെത്തുന്നവരുടെ വിവരങ്ങളും ഡിജിറ്റല്‍ രീതിയില്‍ ശേഖരിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ശേഖരിക്കുന്ന സാമൂഹ്യ ആരോഗ്യവിവരങ്ങള്‍ വ്യക്തികളുടെ ആധാര്‍, വോട്ടര്‍ ഐ.ഡി തുടങ്ങിയ ഒരു വ്യതിരിക്ത നമ്പര്‍ മുഖേന ബന്ധിപ്പിച്ച് ഓരോരുത്തരുടേയും വിവരങ്ങളുടെ സമഗ്രത ഉറപ്പാക്കും. ഓരോ പൗരന്‍േറയും ചികില്‍സാ രേഖകള്‍ കേന്ദ്രീകൃത ഡേറ്റാബേസില്‍ ലഭ്യമാക്കുക വഴി സര്‍ക്കാര്‍ അലോപ്പതി ആരോഗ്യ ചികിത്‌സാ സ്ഥാപനങ്ങളിലും തടസ്സമില്ലാതെ തുടര്‍ചികിത്‌സ ഉറപ്പാക്കാനാവും.

Please follow and like us:
0